

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ, യുദ്ധഭൂമിയിൽ നിന്ന് ഏറെ അകലെയുള്ള മെഡിറ്ററേനിയൻ കടലിൽ റഷ്യൻ ടാങ്കർ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. ലിബിയൻ തീരത്തിന് സമീപമാണ് സംഭവം നടന്നത്. നാല് വർഷത്തിനിടെ മെഡിറ്ററേനിയൻ മേഖലയിൽ റഷ്യ നേരിടുന്ന ആദ്യ യുക്രെയ്ൻ ആക്രമണമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 2000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം ആക്രമിക്കാൻ സാധിച്ചു എന്നത് യുക്രെയ്ന്റെ വർദ്ധിച്ചുവരുന്ന സൈനിക പ്രഹരശേഷിയുടെ തെളിവായി കാണുന്നു.അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് റഷ്യൻ എണ്ണയും മറ്റ് ചരക്കുകളും കടത്താൻ ഉപയോഗിക്കുന്ന 'ഷാഡോ ഫ്ലീറ്റ്' (Shadow Fleet) എന്നറിയപ്പെടുന്ന കപ്പൽ വ്യൂഹത്തെയാണ് ഡ്രോണുകൾ ലക്ഷ്യമിട്ടത്.
ആക്രമണത്തിൽ കപ്പലുകൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റഷ്യയുടെ സമുദ്ര വ്യാപാര പാതകളെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ ഈ ദീർഘദൂര ആക്രമണം ആസൂത്രണം ചെയ്തത്. ഉപരോധങ്ങൾ നിലനിൽക്കെ റഷ്യൻ സാമ്പത്തിക സ്രോതസ്സുകളെ ബാധിക്കുന്ന നിർണ്ണായകമായ ഒരു നീക്കമാണിത്.