കമ്പാല: തുർക്കിക്ക് മുന്നിൽ വിചിത്രമായ ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കൈനേരുഗബ. സൊമാലിയയിലെ സുരക്ഷാ സേവനത്തിന് പ്രതിഫലമായി 100 കോടി ഡോളറും (ഏകദേശം 8,300 കോടി രൂപ), രാജ്യത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ തനിക്ക് ഭാര്യയായി നൽകണമെന്നുമാണ് ജനറലിന്റെ ആവശ്യം. 30 ദിവസത്തിനുള്ളിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തുർക്കിയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.(Ugandan army chief makes bizarre demands to Turkey, $1 billion and a beautiful bride)
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സൊമാലിയയിൽ അൽ-ഷബാബ് ഭീകരർക്കെതിരെ പോരാടാൻ ഉഗാണ്ട വലിയ വില നൽകുന്നുണ്ടെന്നും, എന്നാൽ ഇതിന്റെ സാമ്പത്തിക നേട്ടം തുർക്കി കൊയ്തെടുക്കുകയാണെന്നും ജനറൽ ആരോപിച്ചു. ഇതിനുള്ള പ്രതിഫലമായാണ് 100 കോടി ഡോളർ ആവശ്യപ്പെട്ടത്. സാമ്പത്തിക ആവശ്യത്തിന് പുറമെ, തുർക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ വിവാഹം കഴിക്കണമെന്ന വിചിത്രമായ ആവശ്യവും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ ഉന്നയിച്ചു.
മുപ്പത് ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കിൽ ഉഗാണ്ടയിലെ തുർക്കി എംബസി പൂട്ടിക്കുമെന്നും, തുർക്കിഷ് എയർലൈൻസിന് ഉഗാണ്ടയുടെ ആകാശപരിധിയിൽ വിലക്കേർപ്പെടുത്തുമെന്നും കൈനേരുഗബ മുന്നറിയിപ്പ് നൽകി. ഉഗാണ്ടക്കാർ തുർക്കിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുർക്കിക്കെതിരെ ആഞ്ഞടിക്കുന്നതിനിടയിൽ ഇസ്രായേലിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. വിശുദ്ധ ഭൂമിയെ സംരക്ഷിക്കാൻ തന്റെ നേതൃത്വത്തിൽ ഒരു ലക്ഷം സൈനികരെ ഇസ്രായേലിലേക്ക് അയക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകനായ കൈനേരുഗബ ഇതിനുമുമ്പും സമാനമായ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2022-ൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ വിവാഹം കഴിക്കാൻ 100 പശുക്കളെ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഈ ആവശ്യം നിരസിച്ചാൽ റോം പിടിച്ചെടുക്കുമെന്നും അദ്ദേഹം അന്ന് ഭീഷണി മുഴക്കി. നെയ്റോബി പിടിച്ചെടുക്കാൻ തന്റെ സൈന്യത്തിന് രണ്ടാഴ്ചയിൽ താഴെ സമയം മതിയെന്ന് പ്രസ്താവിച്ചതിനെത്തുടർന്ന് പിതാവ് മുസേവേനിക്ക് അയൽരാജ്യങ്ങളോട് മാപ്പ് ചോദിക്കേണ്ടി വരികയും മകനെ സ്ഥാനത്തുനിന്ന് താൽക്കാലികമായി നീക്കുകയും ചെയ്തിരുന്നു. ജനറൽ കൈനേരുഗബയുടെ പുതിയ പ്രസ്താവനകളിൽ തുർക്കിയോ സൊമാലിയയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

