

ദുബൈ: ഞായറാഴ്ച മാസപ്പിറ കാണാത്തതിനെ തുടർന്ന് റജബ് മാസം 30 ദിവസം പൂർത്തിയാക്കിയാണ് ശഅബാൻ ആരംഭിക്കുന്നത്. റമദാൻ മാസത്തിന് മുന്നോടിയായുള്ള മാസമെന്ന നിലയിൽ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണിത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ അബൂദബിയിലെ അൽ ഖാതിം നിരീക്ഷണാലയത്തിൽ നിന്ന് ശഅബാൻ ചന്ദ്രക്കലയുടെ ചിത്രം ജ്യോതിശാസ്ത്രജ്ഞർ വിജയകരമായി പകർത്തി. സൂര്യനിൽ നിന്ന് 6.7 ഡിഗ്രി അകലെ ചന്ദ്രൻ സ്ഥിതി ചെയ്യുന്ന സമയത്താണ് ഈ അപൂർവ്വ ചിത്രം പകർത്തിയത്.
ശഅബാൻ മാസത്തിന്റെ തുടക്കം കണക്കിലെടുക്കുമ്പോൾ, ഈ വർഷത്തെ റമദാൻ വ്രതം ഫെബ്രുവരി 18-നോ 19-നോ ആരംഭിക്കാനാണ് സാധ്യത. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന് കീഴിലുള്ള ഉസാമ ഗന്നാം, അനസ് മുഹമ്മദ്, ഖൽഫാൻ അൽ നഈമി, മുഹമ്മദ് ഔദ എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദ്രക്കല നിരീക്ഷിച്ചത്. ശഅബാൻ മാസം ആരംഭിക്കുന്നതോടെ യു.എ.ഇയിലെ പള്ളികളിലും വിപണികളിലും റമദാൻ ഒരുക്കങ്ങൾ സജീവമാകും.