ദുബായ്: ശനിയാഴ്ച പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിൽ ദൃശ്യപരത (Visibility) കുറഞ്ഞതോടെ വ്യോമ-റോഡ് ഗതാഗതം താറുമാറായി. ദുബായിൽ ഇറങ്ങേണ്ട 23 വിമാനങ്ങളാണ് ദൃശ്യപരത കുറഞ്ഞതിനെത്തുടർന്ന് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) ഇറങ്ങേണ്ട 21 വിമാനങ്ങളും അൽ മക്തൂം വിമാനത്താവളത്തിൽ (DWC) എത്തേണ്ട രണ്ട് വിമാനങ്ങളുമാണ് വഴിതിരിച്ചുവിട്ടത്. രാവിലെ 10 മണിയോടെ കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടർന്ന് സർവീസുകൾ സാധാരണ നിലയിലായി.
അബുദാബിയിലെ പ്രധാന റോഡുകളിൽ ദൃശ്യപരത കുറഞ്ഞതിനാൽ വാഹനങ്ങളുടെ വേഗപരിധി 80 കിലോമീറ്ററായി കുറച്ചു. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് കർശന നിർദ്ദേശം നൽകി.
വരും ദിവസങ്ങളിലും പുലർച്ചെ സമയങ്ങളിൽ സമാനമായ രീതിയിൽ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കനക്കാൻ സാധ്യതയുള്ളതിനാൽ പുലർച്ചെ വാഹനമോടിക്കുന്നവർ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുതെന്നും നിശ്ചിത അകലം പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.