ഇസ്ലാമാബാദ്: അണ്ടർ 19 ഏഷ്യാ കപ്പിലെ തകർപ്പൻ കിരീട നേട്ടത്തിന് പിന്നാലെ നാട്ടിൽ മടങ്ങിയെത്തിയ പാകിസ്ഥാൻ യുവ ടീമിന് വൻ സ്വീകരണം. തിങ്കളാഴ്ച പുലർച്ചെ ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരക്കണക്കിന് ആരാധകരാണ് ടീമിനെ വരവേൽക്കാൻ തടിച്ചുകൂടിയത്. ഇന്ത്യക്കെതിരായ ചരിത്ര വിജയം ആഘോഷമാക്കിയ ആരാധകർ, ലോകകപ്പ് നേടിയ പ്രതീതിയോടെയാണ് താരങ്ങളെ സ്വീകരിച്ചത്.(U-19 Asia Cup, Pakistan team returns with title after defeating India)
ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 191 റൺസിനാണ് പാകിസ്ഥാൻ പരാജയപ്പെടുത്തിയത്. പാകിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എടുത്തു. ഇന്ത്യ 26.2 ഓവറിൽ 156 റൺസിന് എല്ലാവരും പുറത്തായി. സമീർ മിൻഹാസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് പാകിസ്ഥാനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ തകർന്നടിഞ്ഞ ഇന്ത്യക്ക് ഒരു ഘട്ടത്തിലും പാക് ബൗളിംഗിന് വെല്ലുവിളി ഉയർത്താനായില്ല.
ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങ് വിവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്‌വിയെ ഇന്ത്യൻ താരങ്ങൾ അവഗണിച്ചത് വലിയ ചർച്ചയായി. നഖ്‌വിയുമായി വേദി പങ്കിടാൻ വിസമ്മതിച്ച ഇന്ത്യൻ കളിക്കാർ, അദ്ദേഹത്തിന് പകരം മറ്റൊരു വ്യക്തിയിൽ നിന്നാണ് റണ്ണറപ്പ് മെഡലുകൾ സ്വീകരിച്ചത്. എന്നാൽ പാക് താരങ്ങൾക്ക് മെഡലുകൾ നൽകിയതും ട്രോഫി കൈമാറിയതും നഖ്‌വിയായിരുന്നു. പിന്നീട് അദ്ദേഹം പാക് ടീമിനൊപ്പം ആഘോഷങ്ങളിൽ പങ്കുചേരുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ടീം വിമാനമിറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ വിമാനത്താവള പരിസരം ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ വിജയത്തെ പ്രകീർത്തിക്കുന്ന പ്ലക്കാർഡുകളും ടീമിനുള്ള അഭിനന്ദനങ്ങളുമായി എത്തിയ ആരാധകർ മുദ്രാവാക്യങ്ങൾ വിളിച്ചും പൂക്കൾ വിതറിയും താരങ്ങളെ ആനയിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.