വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്ത ഉപദേഷ്‌ടാവ് ഇലോൺ മസ്കും വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും തമ്മിലുള്ള കലഹത്തെ വൈറ്റ് ഹൗസ് ചിരിച്ചു തള്ളി. ട്രംപിന്റെ വിശ്വസ്ത ഉപദേഷ്‌ടാവാണെങ്കിലും ഭരണകൂടത്തിന്റെ തീരുവനയത്തോടു മാസ്കിന് വിയോജിപ്പാണുള്ളത്. വ്യാപാരവും തീരുവയും സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടേണ്ടതില്ലെന്ന സൂചനയാണ് വൈറ്റ് ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് നൽകിയത്. ‘ആൺകുട്ടികൾ എപ്പോഴും ആൺകുട്ടികളായിരിക്കും. അവർ വഴക്കടിക്കട്ടെ’–എന്നാണ് കാരലിൻ പറഞ്ഞത്.
യുഎസും യൂറോപ്പും തമ്മിൽ തീരുവയില്ലാത്ത വ്യാപാരബന്ധമാണു വേണ്ടതെന്നു വാദിക്കുന്ന മസ്കിനെ പല രാജ്യങ്ങളിൽനിന്നു പാർട്സ് കൊണ്ടുവന്നു ‘കാർ അസംബിൾ ചെയ്തു കൊടുക്കുന്നയാൾ’ എന്നു വിളിച്ച് നവാരോ പരിഹസിച്ചു. നവാരോ ശരിക്കുമൊരു മന്ദബുദ്ധി തന്നെ എന്നായിരുന്നു മസ്കിന്റെ മറുപടി. അമേരിക്കയിൽ നിർമിതമെന്നു പറയാവുന്ന ഏറ്റവും കൂടുതൽ യന്ത്രഭാഗങ്ങൾ ടെസ്‌ലയ്ക്കാണ് ഉള്ളതെന്നും കമ്പനി മേധാവിയായ മസ്ക് പറഞ്ഞു. ട്രംപ് ഇപ്പോൾ നടപ്പിലാക്കിവരുന്ന തീരുവനയത്തിന്റെ ഉപജ്ഞാതാവ് നവാരോ ആണെന്നാണു കരുതുന്നത്.