

മദീന: മദീനയിലെ പ്രവാചക പള്ളിയിലെ (മസ്ജിദുന്നബവി) 'റൗദ സന്ദർശന'ത്തിന് (Raudhah) നിയന്ത്രണങ്ങളും സമയ പുനഃക്രമീകരണവും ഏർപ്പെടുത്തി ഇരുഹറം ജനറൽ അതോറിറ്റി. ഇനി ഒരാൾക്ക് 365 ദിവസത്തിനിടയിൽ ഒരു തവണ മാത്രമേ റൗദ സന്ദർശിക്കാൻ അനുമതിയുള്ളൂ.
സന്ദർശനത്തിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ 'നുസ്ക്' (Nusuk) ആപ്പ് വഴി നിർബന്ധമായും പെർമിറ്റ് എടുക്കണം. കൂടാതെ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സന്ദർശന സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പുതിയ സമയക്രമം ഇങ്ങനെ:
പുരുഷന്മാർക്ക്: വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 2 മുതൽ സുബഹി (പ്രഭാത) നമസ്കാരം വരെയും, രാവിലെ 11.20 മുതൽ ഇഷാ (രാത്രി) നമസ്കാരം വരെയുമാണ് അനുമതി.
സ്ത്രീകൾക്ക്: സാധാരണ ദിവസങ്ങളിൽ സുബഹി നമസ്കാരം മുതൽ രാവിലെ 11 വരെയും, ഇഷാ നമസ്കാരം മുതൽ പുലർച്ചെ 2 വരെയുമാണ് സന്ദർശന സമയം.
വെള്ളിയാഴ്ച പുരുഷന്മാർക്ക് പുലർച്ചെ 2 മുതൽ സുബഹി വരെ, രാവിലെ 9.20 മുതൽ 11.20 വരെ, ജുമുഅക്ക് ശേഷം ഇശാ നമസ്കാരം വരെ എന്നിങ്ങനെയാണ് സമയം. സ്ത്രീകൾക്ക് സുബഹി മുതൽ രാവിലെ 9 വരെയും ഇശാ നമസ്കാരം മുതൽ പുലർച്ചെ 2 വരെയുമായിരിക്കും വെള്ളിയാഴ്ചത്തെ സന്ദർശന സമയം.
പ്രവാചക പള്ളിയുടെ തെക്കുവശത്തുള്ള 37-ാം നമ്പർ കവാടമായ 'മക്ക ഗേറ്റ്' വഴിയാണ് റൗദയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രായാധിക്യമുള്ളവർക്ക് വീൽചെയറിൽ പ്രവേശിക്കാനുള്ള സൗകര്യമുണ്ടാകും.
The General Authority for the Affairs of the Two Holy Mosques has imposed new restrictions and time adjustments for visiting the 'Raudhah' at the Prophet's Mosque in Madinah, allowing individuals to visit only once every 365 days.