കടൽ വിഴുങ്ങുന്ന രാജ്യം, ഭൂമിയിലെ ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്ന്; ലോകത്തിലെ ചെറിയ രാജ്യങ്ങളിൽ ഒന്നായ ടുവാലു|Tuvalu

Tuvalu
Published on

പസഫിക് മഹാസമുദ്രം, ഭൂമിയിലെ ഏറ്റവും വലിയ സമുദ്രമാണ്. നമ്മുടെ ഭൂമിയുടെ ഉപരിതലത്തിന്റെ 30% ത്തിലധികവും ഈ മഹാസമുദ്രത്തിന്റെ പിടിയിലാണ്. ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് പസഫിക് സമുദ്രത്തിന്റെ ആകാശ ദൃശ്യങ്ങൾ. ആകാശത്ത് നിന്നും നോക്കിയാൽ നീലപരവതാനിയിൽ പച്ചപ്പൊട്ടുകൾ പോലെ തോന്നിപ്പിക്കുന്ന ദ്വീപ് സമൂഹങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ മഹാസമുദ്രം. പസഫിക് സമുദ്രത്തിൽ 14 സ്വതന്ത്ര ദ്വീപ് രാഷ്ട്രങ്ങളുണ്ട്. ഇത് കൂടാതെ ലോകത്തിൽ ഏറ്റവും കൂടുതൽ ദ്വീപുകൾ ഉള്ളതും പസഫിക്കിൽ തന്നെയാണ്. എന്നാൽ, ഈ മനോഹാരിതയുടെ പിന്നിൽ പതിയിരിക്കുന്ന യാഥാർത്ഥ്യം നടുക്കുന്നതാണ്. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ-മധ്യഭാഗത്തായി ടുവാലു എന്ന ചെറിയ ദ്വീപ് രാഷ്ട്രമാണ് ടുവാലു (Tuvalu).

1978 ൽ യുകെയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഒമ്പത് അറ്റോളുകൾ കൊണ്ടു നിർമ്മിച്ച ദക്ഷിണ പസഫിക്കിലെ ഒരു ചെറിയ സ്വതന്ത്രരാജ്യമാണ് ടുവാലു. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാഷ്ട്രമാണ് ടുവാലു. ഓസ്ട്രേലിയക്കും ഹവായിക്കും മധ്യേ, വെറും 26 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ഒൻപത് ചെറു കൊറൽ ദ്വീപുകളുടെയും തടാകങ്ങളുടെയും കൂട്ടായ്മയാണ് ടുവാലു. പന്ത്രണ്ടായിരത്തിൽ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. കാണാൻ ഏറെ മനോഹരമാണ് ഇവിടം. എന്നാൽ കാഴ്ചയിലെ മനോഹാരിതയേക്കാൾ ഏറെ സങ്കടകരണമാണ് ഇവിടുത്തെ യാഥാർഥ്യം. കടൽ കയറ്റത്തിന്റെ ഭീഷണിയിലാണ് ഇന്ന് ഈ കുഞ്ഞൻ രാജ്യം. കടൽനിരപ്പിൽ നിന്ന് ശരാശരി രണ്ട് മീറ്റർ മാത്രം ഉയരമുള്ള രാജ്യമായതിനാൽ, സമുദ്രനിരപ്പിലെ ചെറിയൊരു ഉയർച്ച പോലും രാജ്യത്തെ നന്നേ ബാധിക്കുന്നു, അതിനാൽ തന്നെ മുങ്ങുന്ന ദ്വീപ് എന്നും ഈ രാജ്യം അറിയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ചേർന്ന് ടുവാലുവിനെ ലോകത്തിന്റെ പരിസ്ഥിതിക പ്രതിസന്ധികളുടെ ഏറ്റവും വലിയ ഇരയായി എടുത്തു കാട്ടുന്നു.

സിങ്കിങ് ഐലൻഡ് അഥവാ മുങ്ങുന്ന ദ്വീപ് എന്ന പേരിൽ ഈ രാജ്യം അറിയപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം വർഷങ്ങളായി സമുദ്രം തീരം കൈയേറിക്കൊണ്ടിരിക്കുകയാണ്. ദ്വീപ് രാജ്യമാണെങ്കിൽ പോലും ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വളരെ കുറവാണ്. പ്രതിവർഷം രണ്ടായിരത്തിൽ താഴെയാണ് ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം. കുഞ്ഞൻ രാജ്യമാണ് എങ്കിലുംപോലും ടുവാലുവിന് സ്വന്തമായി കറൻസി ഉണ്ട്. തലസ്ഥാനമായ ഫുണാഫട്ടി ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങൾ വസിക്കുന്നത്.  മത്സ്യബന്ധനവും ടൂറിസവുമാണ് ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. എല്ലിസ് ദ്വീപുകള്‍ എന്നാണ് ഇവിടം ആദ്യം അറിയപ്പെട്ടിരുന്നത്.

കടൽ വിഴുങ്ങുന്ന ദ്വീപ്

ആഗോളതാപനത്തിന്റെ ഏറ്റവും വലിയ ഇരയാണ് ഈ ചെറു രാജ്യം. തീരശോഷണമാണ് മറ്റൊരു വെല്ലുവിളി. ഓരോ ദിവസം കടന്നു പോകുംതോറും സമുദ്രനിരപ്പ് വർധിക്കുകയാണ്, ഇത് പതിയെ പതിയെ ഈ രാജ്യത്തെ തന്നെ വിഴുങ്ങുന്നു. ചില പഠനങ്ങൾ അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ടുവാലു പൂർണമായും ഭൂമിയുടെ ഉപരിതലത്തിൽ നിന്നും മറയുമത്രെ. പലപ്പോഴും വേലിയേറ്റസമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളും സമുദ്രജലത്തിൽ മുങ്ങിപോകുന്നു. രാജ്യത്തുള്ള അകെ ഒമ്പത് ദ്വീപുകളിൽ രണ്ടെണ്ണം പൂർണമായും വെള്ളത്തിലാണ്. ബാക്കി അവശേഷിക്കുന്ന ദ്വീപുകളുടെയും ഭാവി ഇത് തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. നിലവിൽ അവശേഷിക്കുന്ന ഭൂരിഭാഗം ദ്വീപുകളും സമുദ്രനിരപ്പിൽ നിന്നും വെറും മൂന്ന് മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വേലിയേറ്റസമയത്ത് ജനങ്ങൾ സംരക്ഷിതമായ പാർപ്പിടത്തിനായി നെട്ടോട്ടമാണ്. കാറ്റൊന്നു ആഞ്ഞുവീശിയാൽ മതി കടൽ വെള്ളം കരയിലേക്ക് ഇരച്ചു കയറു. 3.9 മില്ലിമീറ്റർ വരെയാണ് പ്രതിവർഷം കടൽ ഉയരുന്നത്.

പുറമെ നിന്ന് നോക്കുമ്പോൾ ഏറെ മനോഹരമായി തോന്നുന്ന ഈ രാജ്യത്തിലെ മനുഷ്യരുടെ ജീവനും ജീവിതവും അപകടത്തിലാണ്. മത്സ്യബന്ധനവും ടൂറിസവും കൊണ്ട് മാത്രം ജീവിതം തള്ളിനീക്കുന്ന ഈ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. കരയിലേക്ക് ഉപ്പ് വെള്ളം വൻ തോതിൽ എത്തുന്നത് കൊണ്ട് തന്നെ കൃഷിയുമായി ജനങ്ങൾക്ക് മുന്നോട്ടു പോക്കന് സാധിക്കില്ല. ഇവിടുത്തെ ജനങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് ശുദ്ധജലം. ഇവിടുത്തെ ഭൂഗർഭജലത്തിൽ പോലും ഉപ്പുരസമുണ്ട്. ടുവാലുവിൽ ധാരാളം ബീച്ചുകളുണ്ട്, എന്നാൽ ഇന്ന് ഇവയും തിരമാലകളുടെ ഭീഷണിയിലാണ്.

Summary: Tuvalu, a low-lying island nation in the South Pacific, is facing an existential threat from rising sea levels due to climate change. With its highest point only a few meters above sea level, the country is experiencing frequent flooding and coastal erosion that threaten to submerge its land.

Related Stories

No stories found.
Times Kerala
timeskerala.com