

ഇസ്താംബുൾ: തുർക്കിയിൽ (Turkey) ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ വ്യാപക തിരച്ചിലിൽ 110 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കുപടിഞ്ഞാറൻ തുർക്കിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്ച യാലോവ പ്രവിശ്യയിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ആറ് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച 114 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തിയത്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി ഇസ്താംബുൾ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഇസ്താംബുൾ ഉൾപ്പെടെയുള്ള മൂന്ന് പ്രവിശ്യകളിലായി നടന്ന റെയ്ഡുകളിൽ നിരവധി ഡിജിറ്റൽ രേഖകളും ലഘുലേഖകളും പിടിച്ചെടുത്തു. തിങ്കളാഴ്ച നടന്ന എട്ടു മണിക്കൂർ നീണ്ട ഓപ്പറേഷനിൽ എട്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സിറിയയിലെ ആഭ്യന്തരയുദ്ധ കാലത്ത് ഐസിസ് ഭീകരരുടെ പ്രധാന ട്രാൻസിറ്റ് പോയിന്റായിരുന്നു തുർക്കി. 2015-2017 കാലഘട്ടത്തിൽ തുർക്കിയിലെ നൈറ്റ് ക്ലബ്ബുകളിലും വിമാനത്താവളങ്ങളിലും നടന്ന വലിയ ഭീകരാക്രമണങ്ങൾക്ക് ശേഷം രാജ്യം ഐസിസിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ആഗോളതലത്തിൽ ഐസിസ് വീണ്ടും സജീവമാകുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് തുർക്കിയുടെ ഈ വൻ സൈനിക നീക്കം.
Turkish police have detained 110 Islamic State suspects following a deadly shootout in Yalova that claimed the lives of three police officers and six militants. The massive operation targeted over 100 locations across Istanbul and other provinces after intelligence suggested plans for holiday attacks. Turkey has significantly intensified its crackdown on IS cells as the group reportedly attempts to regain prominence globally.