

അങ്കാറ: തുർക്കിയിലുടനീളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കായി നടത്തുന്ന തിരച്ചിലിന്റെ ഭാഗമായി 25 പ്രവിശ്യകളിൽ നിന്നായി 125 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു (Turkey IS Raids). ഇസ്താംബൂൾ, അങ്കാറ, ഇസ്മിർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലാണ് ഇവർ കുടുങ്ങിയത്. പുതുവത്സരാഘോഷങ്ങൾക്കിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രി അലി യെർലിക്കായ അറിയിച്ചു.
വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ യാലോവയിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന റെയ്ഡിനിടെ ഭീകരർ പോലീസിന് നേരെ വെടിയുതിർത്തു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ ആറ് ഐഎസ് ഭീകരരും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരരെല്ലാം തുർക്കി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ അടുത്തിടെ നടന്ന ഐഎസ് പ്രേരിത ആക്രമണത്തിന്റെയും സിറിയയിലെ യുഎസ് സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് തുർക്കി സുരക്ഷ ശക്തമാക്കിയത്. സിറിയയിൽ ഈ മാസം നടന്ന വിവിധ നീക്കങ്ങളിൽ 25 ഐഎസ് പ്രവർത്തകരെ യുഎസ് സൈന്യം വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്.
2017 ജനുവരി 1-ന് ഇസ്താംബൂളിലെ നൈറ്റ് ക്ലബ്ബിലുണ്ടായ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു. അത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇത്തവണ തുർക്കി സൈന്യവും പോലീസും സംയുക്തമായി ഈ ഓപ്പറേഷൻ നടത്തുന്നത്. രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തെയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് തുർക്കി സർക്കാർ വ്യക്തമാക്കി.
Turkish authorities have detained 125 additional Islamic State (IS) suspects in simultaneous raids across 25 provinces, bringing the total number of arrests in the past week to nearly 600. The nationwide sweep, aimed at preventing holiday terror attacks, turned deadly on Monday in Yalova, where a shootout left six militants and three police officers dead. Interior Minister Ali Yerlikaya reaffirmed Turkey’s commitment to neutralizing such threats amid a reported global resurgence of IS-inspired activities.