
ഹോക്കൈഡോ: റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ സുനാമി അടിച്ചതായി റിപ്പോർട്ട്. റഷ്യയിലെ കുറിൽ ദ്വീപുകളുടെയും ജപ്പാനിലെ വലിയ വടക്കൻ ദ്വീപായ ഹോക്കൈഡോയുടെയും തീരപ്രദേശങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്(Tsunami). ജപ്പാനിലെ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയിൽ ഏകദേശം 30 സെന്റീമീറ്റർ ഉയരത്തിലാണ് ആദ്യത്തെ സുനാമി തിരമാല എത്തിയതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. പസഫിക്കിലെ റഷ്യയുടെ കുറിൽ ദ്വീപുകളിലെ പ്രധാന ജനവാസ കേന്ദ്രമായ സെവേറോ-കുറിൽസ്കിന്റെ തീരപ്രദേശത്തും ആദ്യത്തെ സുനാമി തിരമാല ആഞ്ഞടിച്ചതായി പ്രാദേശിക ഗവർണർ വലേരി ലിമറെങ്കോ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജനങ്ങൾ സുരക്ഷിതരാണെന്നാണ് വൃത്തങ്ങൾ പുറത്തു വിടുന്ന വിവരം. ഇന്ന് പുലർച്ചെയാണ് റഷ്യയിലെ കംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇതേ തുടർന്ന് സുനാമി മുന്നറിയിപ്പും ജാഗ്രത നിർദേശവും നല്കുകയിരുന്നു. അതേസമയം സുനാമിയെ തുടർന്ന് ഇന്തോനേഷ്യയും ഫിലിപ്പീൻസും സുനാമി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.