

വാഷിങ്ടൺ: വെനസ്വേലയിലെ സൈനിക നടപടിക്ക് പിന്നാലെ അയൽരാജ്യങ്ങളായ മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നിവർക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മയക്കുമരുന്ന് നിർമ്മാണവും കടത്തും തടഞ്ഞില്ലെങ്കിൽ വെനസ്വേലയ്ക്ക് സമാനമായ സൈനിക നടപടികൾ ഈ രാജ്യങ്ങളും നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.(Trump's threat to Mexico and Colombia after Venezuela)
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നേരിട്ട് അമേരിക്കയിലേക്ക് കൊക്കെയ്ൻ അയക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. "കൊളംബിയൻ പ്രസിഡന്റ് കൊക്കെയ്ൻ നിർമ്മിക്കുന്നു. ഇത് അധികനാൾ അനുവദിക്കില്ല. വേണ്ടി വന്നാൽ കൊളംബിയ ആക്രമിക്കുന്നത് നല്ല ആശയമായി തോന്നുന്നു," മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
മെക്സിക്കോ വഴി അമേരിക്കയിലേക്ക് മയക്കുമരുന്ന് ഒഴുകുകയാണെന്നും അവിടുത്തെ ഭരണം നിയന്ത്രിക്കുന്നത് ലഹരി മാഫിയകളാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഈ സാഹചര്യം തുടർന്നാൽ മെക്സിക്കോയിൽ യുഎസ് ഇടപെടുമെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, ക്യൂബ സ്വയം തകർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രമാണെന്നും അവിടെ സൈനികമായി ഇടപെടേണ്ടി വരില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 32 ക്യൂബൻ പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിൽ പ്രതിഷേധിച്ച് ക്യൂബയിൽ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ നാടകീയമായി പിടികൂടി നാടുകടത്തിയതിന് പിന്നാലെയാണ് ട്രംപ് മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കെതിരെയും തിരിഞ്ഞിരിക്കുന്നത്.