വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ, വാതകം, യുറേനിയം എന്നിവ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 500 ശതമാനം വരെ നികുതി ഏർപ്പെടുത്താൻ അധികാരം നൽകുന്ന 'സാങ്ഷനിംഗ് റഷ്യ ആക്ട് 2025' ന് ട്രംപ് ഭരണകൂടം പിന്തുണ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാം അവതരിപ്പിച്ച ഈ ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയതോടെ ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾ വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നത്.(Trump's tariff war, Move to impose 500% tax on countries buying Russian oil)
റഷ്യയിൽ നിന്ന് എണ്ണയോ മറ്റ് ഊർജ്ജ വിഭവങ്ങളോ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള ഏത് ഉൽപ്പന്നങ്ങൾക്കും അമേരിക്കയിലേക്ക് പ്രവേശിക്കണമെങ്കിൽ 500 ശതമാനം വരെ നികുതി നൽകേണ്ടി വരും. യുക്രൈൻ അധിനിവേശം തുടരാൻ പുടിനെ സഹായിക്കുന്ന സാമ്പത്തിക വരുമാനം പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് യുഎസ് കോൺഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിശ്ചിത രാജ്യങ്ങൾക്കെതിരെ ഈ നികുതി ഏർപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം പ്രസിഡന്റിനായിരിക്കും. ദേശീയ സുരക്ഷ മുൻനിർത്തി ഇതിൽ ഇളവ് നൽകാനും വ്യവസ്ഥയുണ്ട്.
റഷ്യൻ എണ്ണയുടെ ലോകത്തെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരാണ് ഇന്ത്യ. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പിഴയായി ഇന്ത്യയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം നേരത്തെ തന്നെ 50 ശതമാനം വരെ നികുതി വർദ്ധിപ്പിച്ചിരുന്നു. അമേരിക്കയുടെ കടുത്ത നിലപാടിനെത്തുടർന്ന് നവംബർ മാസത്തോടെ ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇപ്പോൾ ശ്രമിക്കുന്നത്.
റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായും ട്രംപ് ഭരണകൂടം നികുതി യുദ്ധത്തിലാണ്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് 145 ശതമാനം നികുതി ഏർപ്പെടുത്തിയപ്പോൾ, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം നികുതി ചുമത്തി ചൈനയും തിരിച്ചടിച്ചിട്ടുണ്ട്. പുതിയ ബിൽ നിയമമാകുന്നതോടെ ആഗോള എണ്ണ വിപണിയിലും വ്യാപാര ബന്ധങ്ങളിലും വൻ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.