പാരീസ്: ഗ്രീൻലാൻഡിനെ കൈവശപ്പെടുത്താനുള്ള നീക്കത്തെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10% അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് തക്കതായ മറുപടി നൽകാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ട്രംപിന്റെ ബ്ലാക്ക്‌മെയിലിന് മുന്നിൽ വഴങ്ങില്ലെന്നും 'ട്രേഡ് ബസൂക്ക' പ്രയോഗിക്കേണ്ട സമയമായെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു.(Trump's tariff threat, Europe with Trade bazooka)
യൂറോപ്യൻ യൂണിയന്റെ ആന്റി-കോർഷൻ ഇൻസ്ട്രുമെന്റ് (ACI) എന്ന പ്രതിരോധ സംവിധാനമാണ് 'ട്രേഡ് ബസൂക്ക' എന്നറിയപ്പെടുന്നത്. മൂന്നാം രാജ്യങ്ങൾ സാമ്പത്തിക ഭീഷണികളിലൂടെ യൂറോപ്പിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചാൽ അതിനെ നേരിടുകയാണ് ലക്ഷ്യം. ഭീഷണിപ്പെടുത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഉയർന്ന പിഴ ചുമത്തുക, യൂറോപ്യൻ വിപണിയിലേക്കുള്ള അവരുടെ പ്രവേശനം തടയുക എന്നിവയാണ് ഇതിലൂടെ ചെയ്യുന്നത്.
ഫെബ്രുവരി 1 മുതൽ ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം വഴങ്ങിയില്ലെങ്കിൽ ഇത് 25% ആയി ഉയർത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഇതിന് തിരിച്ചടിയായി 93 ബില്യൺ യൂറോയുടെ അമേരിക്കൻ ഇറക്കുമതിക്ക് തീരുവ ചുമത്താനാണ് യൂറോപ്യൻ രാജ്യങ്ങൾ ആലോചിക്കുന്നത്. വ്യാഴാഴ്ച ബ്രസൽസിൽ ചേരുന്ന അടിയന്തര ഉച്ചകോടിയിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.
അമേരിക്കയുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ മെർകോസുറുമായി യൂറോപ്യൻ യൂണിയൻ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. അർജന്റീന, ബ്രസീൽ, പാരഗ്വായ്, ഉറുഗ്വായ് എന്നിവയാണ് അംഗങ്ങൾ.
70 കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖല നിലവിൽ വരും. ബീഫ് മുതൽ കാറുകൾ വരെയുള്ള ഉൽപ്പന്നങ്ങളുടെ തീരുവയിൽ 90 ശതമാനത്തോളം ഇളവ് ലഭിക്കും. ട്രംപിന്റെ സാമ്പത്തിക സംരക്ഷണ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിരോധമാണിതെന്ന് യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല ഫൊണ്ടെ ലെയ്ൻ വ്യക്തമാക്കി.