ഇസ്ലാമാബാദ് : ഗാസയിലേക്ക് സൈന്യത്തെ അയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശം അസിം മുനീറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ട്രംപിന്റെ താല്പര്യവും പാക് ജനതയുടെ വികാരവും തമ്മിലുള്ള നയതന്ത്ര പോരാട്ടമായി ഈ വിഷയം മാറിയിരിക്കുകയാണ്.ഇസ്രയേൽ-ഗാസ സംഘർഷത്തിന് ശേഷം ഗാസയുടെ പുനർനിർമ്മാണത്തിനും സാമ്പത്തിക വീണ്ടെടുപ്പിനുമായി ട്രംപ് ആവിഷ്കരിച്ചതാണ് ഈ പദ്ധതി. (Trump's Gaza plan, Will Pakistan send it's troops?)
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ഗാസയിൽ നിരീക്ഷകരായി എത്തണമെന്നാണ് പ്രധാന നിർദ്ദേശം. ഇതിലൂടെ ഹമാസിനെ നിരായുധീകരിക്കുകയും മേഖലയിൽ സ്ഥിരത ഉറപ്പാക്കുകയുമാണ് ലക്ഷ്യം. എന്നാൽ ഇസ്രയേൽ അനുകൂല നീക്കമായി ഇത് വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്ക മുസ്ലിം രാജ്യങ്ങൾക്കുണ്ട്.
സാമ്പത്തിക തകർച്ച നേരിടുന്ന പാകിസ്താന് അമേരിക്കയുടെ സഹായവും നിക്ഷേപവും അനിവാര്യമാണ്. ട്രംപിനെ ചൊടിപ്പിക്കുന്നത് വലിയ സാമ്പത്തിക തിരിച്ചടികൾക്ക് കാരണമാകും. ഗാസയിലേക്ക് സൈന്യത്തെ അയക്കുന്നത് പാകിസ്താനിലെ ജനങ്ങളെ പ്രകോപിപ്പിക്കുകയും വലിയ ആഭ്യന്തര ലഹളകളിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഗാസയിലെ ദൗത്യം പാക് സൈന്യത്തെ മറ്റൊരു വലിയ സംഘർഷ മേഖലയിലേക്ക് കൂടി വലിച്ചിഴയ്ക്കുമെന്ന ഭയവും സൈനിക നേതൃത്വത്തിനുണ്ട്.
വരും ദിവസങ്ങളിൽ അസിം മുനീർ അമേരിക്കയിലെത്തി ഡൊണാൾഡ് ട്രംപിനെ കാണുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ആറ് മാസത്തിനിടെ ഇരുവരും നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കുമിത്. ഗാസ വിഷയത്തിൽ ഒരു മധ്യസ്ഥ വഴി കണ്ടെത്താനായിരിക്കും പാകിസ്താൻ ഈ കൂടിക്കാഴ്ചയിൽ ശ്രമിക്കുക.