

വാഷിങ്ടൺ: ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിനെ അമേരിക്കയോട് ചേർക്കുന്നതിനായി അവിടുത്തെ താമസക്കാർക്ക് നേരിട്ട് പണം നൽകാനുള്ള പദ്ധതി ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. ഗ്രീൻലൻഡിലെ ഓരോ വ്യക്തിക്കും 10,000 ഡോളർ മുതൽ 1,00,000 ഡോളർ വരെ നൽകുന്നതിനെക്കുറിച്ചാണ് പ്രാഥമിക ചർച്ചകൾ നടന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.(Trump's 'economic strategy' to acquire Greenland)
ഡെൻമാർക്കിൽ നിന്ന് വേർപെട്ട് അമേരിക്കയുമായി അടുക്കാൻ ഗ്രീൻലൻഡുകാരെ പ്രേരിപ്പിക്കുക എന്നതാണ് ഈ സാമ്പത്തിക വാഗ്ദാനത്തിന് പിന്നിലെ ലക്ഷ്യം. ഗ്രീൻലൻഡിലെ ഏകദേശം 57,000 നിവാസികൾക്കും ഈ തുക നൽകാനാണ് ആലോചന.
നിലവിൽ അമേരിക്കയ്ക്ക് അവിടെ സൈനിക താവളങ്ങളുണ്ടെങ്കിലും, ദ്വീപിന്റെ പൂർണ്ണ ഉടമസ്ഥാവകാശം വേണമെന്നാണ് ട്രംപിന്റെ നിലപാട്. ആർട്ടിക്കിൾ മേഖലയിലെ ചൈനയുടെയും റഷ്യയുടെയും സ്വാധീനം കുറയ്ക്കാൻ ഗ്രീൻലൻഡ് അമേരിക്കയുടെ ഭാഗമാകുന്നത് ഗുണകരമാകുമെന്ന് വൈറ്റ് ഹൗസ് കരുതുന്നു. അന്താരാഷ്ട്ര നിയമങ്ങൾ തന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്നില്ലെന്നും ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്നും അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.