
യുഎസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ പ്രഖ്യാപിച്ച 50 ശതമാനം തീരുവയുടെ ആഘാതം ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും പ്രകടമാകും. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയാല്‍, അത് ഇന്ത്യന്‍ ഔഷധ കമ്പനികളുടെ വരുമാനത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, അമേരിക്കയിലെ മരുന്നുകളുടെ കാര്യത്തിലും ഇത് ബാധകമായേക്കും.
അടുത്തിടെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യുഎസ് താരിഫ് ഏര്‍പ്പെടുത്തുന്നത് ഔഷധ വ്യാപാരത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ മൊത്തം ഔഷധ കയറ്റുമതിയുടെ 40 ശതമാനവും യുഎസ് വിപണിയിലേക്കാണ് പോകുന്നത്. ഇതിനുപുറമെ, അമേരിക്ക ഇന്ത്യന്‍ മരുന്ന് കയറ്റുമതിയില്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയാല്‍, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വരുമാനം 5 മുതല്‍ 10 ശതമാനം വരെ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മരുന്ന് കയറ്റുമതിയുടെ 40 ശതമാനവും യുഎസിലേക്കാണ് നടത്തിയത്. അതേസമയം, 2024 സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയുടെ മൊത്തം മരുന്ന് ഇറക്കുമതിയില്‍ ഇന്ത്യയുടെ പങ്ക് 6 ശതമാനമായിരുന്നു. ട്രംപ് ഇന്ത്യയില്‍ ചുമത്തിയ 50 ശതമാനം താരിഫ് ലോകത്തിലെ ഏറ്റവും വലിയ മരുന്ന് വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരശേഷി കുറയ്ക്കുമെന്നും ലാഭവിഹിതത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നുമാണ് റിപ്പോർട്ട്. കാരണം, വര്‍ദ്ധിച്ച ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ക്ക് കഴിയില്ല.