വാഷിംഗ്ടൺ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ആശ്വാസം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച അതിമനോഹരമായിരുന്നുവെന്നും, അതിന് താൻ പത്തിൽ പന്ത്രണ്ട് മാർക്ക് നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.(Trump-Xi meeting gets '12/10' mark!)
അടിസ്ഥാനപരമായ തർക്കവിഷയങ്ങളിൽ തൊടാതെയുള്ള ചർച്ചകളായിരുന്നെങ്കിലും, ഇരു രാജ്യങ്ങളും ആശ്വാസത്തിലാണ്. ഷീ ജിൻപിങ്ങിനെ 'ഒരു മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും നിരവധി കാര്യങ്ങളിൽ ഇതിനോടകം ധാരണയിലെത്തിയതായും കൂടുതൽ കാര്യങ്ങളിൽ ഉടൻ ധാരണയിലെത്തുമെന്നും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും മുഖാമുഖം കണ്ടുമുട്ടിയത്. ദക്ഷിണ കൊറിയയിൽ വെച്ച് നടന്ന കൂടിക്കാഴ്ച വലിയ ബഹുമതിയായി കരുതുന്നുവെന്നും, ചൈനീസ് പ്രസിഡന്റുമായി ദീർഘകാലത്തേക്ക് അതിശയകരമായ ഒരു ബന്ധമുണ്ടാകുമെന്ന് താൻ കരുതുന്നുവെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഷീ ജിൻപിങ്ങുമായി സാമ്പത്തിക, വ്യാപാര രംഗങ്ങളിൽ വിപുലമായ ധാരണകളിലെത്തിയതായി ട്രംപ് വ്യക്തമാക്കി. താരിഫുകളിൽ 10% കുറവ് വരുത്താൻ ധാരണയായി. അമേരിക്കയിൽ നിന്നുള്ള സോയാബീൻ വാങ്ങുന്നത് ചൈന പുനരാരംഭിക്കും.
അപൂർവ ഭൗമ ധാതുക്കളുടെ (Rare Earth Elements) കയറ്റുമതി സംബന്ധിച്ച തർക്കവിഷയളിൽ ധാരണയിലെത്താൻ ശ്രമിക്കും. ഇരു രാജ്യങ്ങൾക്കും എല്ലായ്‌പ്പോഴും ഒരേ അഭിപ്രായമല്ല ഉള്ളതെങ്കിലും, പങ്കാളികളും സുഹൃത്തുക്കളും ആകാൻ ശ്രമിക്കണമെന്ന് ഷീ ജിൻപിങ് ട്രംപിനോട് പറഞ്ഞു.
പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം സംയുക്തമായി ഏറ്റെടുക്കാനും ഇരു രാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് ചൈനീസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.