

വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് ഉൾപ്പെടെ അമേരിക്കയിലെ പ്രധാന തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ പേര് ബാലറ്റിൽ ഇല്ലാതിരുന്നതും യുഎസിലെ 'ഷട്ട്ഡൗണുമാണ്' പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.(Trump was not on the ballot, Trump responds to New York's defeat)
"ട്രംപ് ബാലറ്റിൽ ഇല്ലായിരുന്നു, പിന്നെ ഷട്ട്ഡൗണും. ഇതാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ രണ്ടുകാരണങ്ങളായി തിരഞ്ഞെടുപ്പ് വിദഗ്ധർ പറയുന്നത്," ട്രംപ് കുറിച്ചു. ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായതിന് ശേഷം രാജ്യത്ത് നടന്ന പ്രധാന തിരഞ്ഞെടുപ്പുകളിലാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
ന്യൂയോർക്ക്, വിർജീനിയ, ന്യൂജേഴ്‌സി എന്നീ മൂന്ന് പ്രധാന നഗരങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കായിരുന്നു വിജയം. അടുത്ത വർഷം യുഎസ് കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഡെമോക്രാറ്റിക് പാർട്ടിക്ക് ഈ വിജയങ്ങൾ വലിയ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്.
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിലാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് തിരഞ്ഞെടുക്കപ്പെട്ടത്. 34-കാരനായ മംദാനി ന്യൂയോർക്കിന്റെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യൻ, ഇന്ത്യൻ വംശജനായ മേയറുമാണ്.