

വാഷിംഗ്ടൺ: ഇറാനിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി ഉയർന്നു. 10,700-ഓളം പേർ അറസ്റ്റിലായതായാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഒൻപത് പേർ 18 വയസ്സിൽ താഴെയുള്ളവരാണെന്ന വിവരം സംഘർഷത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. പ്രക്ഷോഭകാരികളെ ഇറാൻ ഭരണകൂടം നിഷ്കരുണം അടിച്ചമർത്തുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി അമേരിക്ക രംഗത്തെത്തി.(Trump warns of 25% 'extra tax' on those doing business with Iran)
ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ചർച്ചകൾക്ക് ശ്രമം നടക്കുന്നുണ്ടെങ്കിലും, പ്രക്ഷോഭകരെ കൂട്ടക്കുരുതി ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടി അനിവാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി.
രാജ്യത്തെ സംഘർഷങ്ങൾ അവസാനിക്കുന്നത് വരെ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവയ്ക്കാൻ ഇറാൻ തീരുമാനിച്ചു. നിലവിലെ പ്രക്ഷോഭങ്ങൾ വിദേശ ശക്തികളുടെ പിന്തുണയോടെ നടക്കുന്ന കലാപമാണെന്നാണ് ഇറാന്റെ ആരോപണം.
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങളും കപ്പലുകളും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ പൗരന്മാരും സൈനികരും തങ്ങളുടെ ലക്ഷ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമേൽ ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഇന്ത്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ തന്നെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പിഴയായി 25 ശതമാനവും മറ്റ് വ്യാപാരങ്ങൾക്കായി 25 ശതമാനവും ചേർത്ത് ആകെ 50 ശതമാനം തീരുവ അമേരിക്ക ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇറാൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര ചർച്ചകൾ ഇന്ന് നടക്കും. ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ ആണ് ഇക്കാര്യം അറിയിച്ചത്. "ഇന്ത്യയെപ്പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്കില്ല" സെർജിയോ ഗോർ പറഞ്ഞു.
സുരക്ഷ, ഭീകരവാദ വിരുദ്ധ പോരാട്ടം, ഊർജ്ജം, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാര തർക്കങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമായി നിലനിർത്താനാണ് അമേരിക്കയുടെ നീക്കം.