വാഷിംഗ്ടണ്‍ : റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക താരിഫുകൾ ചുമത്തുമെന്ന് ഇന്ത്യക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന തന്റെ വാദവും ട്രംപ് ആവര്‍ത്തിച്ചു.
ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ല. അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നു. അതുകൊണ്ട് ഞങ്ങൾ 25 ശതമാനത്തിൽ ഒതുക്കി, പക്ഷേ അവർ റഷ്യൻ എണ്ണ വാങ്ങുന്നതുകൊണ്ട്, അടുത്ത 24 മണിക്കൂറിനുള്ളിൽ അത് ഗണ്യമായി ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു. അവർ യുദ്ധത്തിന് ഇന്ധനം നൽകുകയാണെന്ന് സിഎൻബിസിയുമായുള്ള അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ജൂലായ് 30-ന് ആണ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയില്‍ നിന്ന് ഇന്ത്യ വലിയതോതില്‍ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.