വാഷിങ്ടൺ: അന്തരിച്ച യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഉൾപ്പെട്ട കാനഡയുടെ തീരുവ വിരുദ്ധ പരസ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 10 ശതമാനം കൂടി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കാനഡയുടെ 'വ്യാജ പരസ്യ കാമ്പയിൻ' കാരണം എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി ട്രംപ് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.(Trump threatens to increase tariffs on Canadian goods by 10%)
ട്രംപിന്റെ താരിഫ് നയത്തിനെതിരെ പ്രതിഷേധിക്കുന്ന പരസ്യം അടുത്ത ആഴ്ച സംപ്രേഷണം ചെയ്യില്ലെന്ന് ഒന്റാറിയോ പ്രവിശ്യയിലെ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രാത്രി വേൾഡ് സീരീസിനിടെ പരസ്യം പ്രദർശിപ്പിക്കാൻ അനുവദിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
"പരസ്യം ഉടനടി നീക്കേണ്ടതായിരുന്നു. എന്നാൽ അത് ഒരു തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് കഴിഞ്ഞ രാത്രി വേൾഡ് സീരീസിനിടെ പ്രദർശിപ്പിക്കാൻ അനുവദിച്ചു. ഇത് ശത്രുതാപരമായ നടപടിയാണ്. ഇപ്പോൾ നൽകുന്നതിനു പുറമെ കാനഡയ്‌ക്കുള്ള തീരുവ 10% കൂടി വർദ്ധിപ്പിക്കുകയാണ്." ട്രംപ് കുറിച്ചു.
കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയുടെ പരസ്യത്തിൽ, 1987-ൽ റൊണാൾഡ് റീഗൻ വ്യാപാരത്തെക്കുറിച്ച് നടത്തിയ ഒരു റേഡിയോ പ്രസംഗത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉപയോഗിച്ചിരുന്നു. ഉയർന്ന തീരുവകൾ വിദേശ ഇറക്കുമതിയിൽ യുഎസ് സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് റീഗൻ മുന്നറിയിപ്പ് നൽകുന്ന ഭാഗമാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയത്. ഉയർന്ന തീരുവകൾ വിദേശ രാജ്യങ്ങളുടെ പ്രതികാരത്തിനും കടുത്ത വ്യാപാര യുദ്ധങ്ങൾക്കും തിരികൊളുത്തുന്നതിന് കാരണമാകുമെന്ന് റൊണാൾഡ് റീഗൻ പറയുന്നത് പരസ്യത്തിൽ ഉൾപ്പെടുത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.