ബോംബാക്രമണ ഭീഷണിയുമായി ട്രംപ്; ഭൂഗർഭ അറകളിൽ മിസൈൽ ശേഖരം സജ്ജമാക്കി ഇറാൻ | Trump threatens to bomb

ഇറാൻ, വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്ത ഭൂഗർഭ അറകളിൽ മിസൈൽ ലോഡ് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്
Iran
Published on

ടെഹ്റാൻ: യുഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മിസൈൽ ആയുധശേഖരം തയാറാക്കിയതായി റിപ്പോർട്ട്. ആണവപദ്ധതി വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് ഇറാന്റെ നടപടി. വ്യോമാക്രമണങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്തിട്ടുള്ള ഭൂഗർഭ അറകളിലാണ് ഈ മിസൈലുകളിൽ സൂക്ഷിച്ചിട്ടുള്ളതെന്നാണ് വിവരം. ഭൂഗർഭ അറകളിലെ എല്ലാ ലോഞ്ചറുകളിലും ഇതിനോടകം മിസൈൽ ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇറാൻ ഒബ്‌സർവർ’ ഈ മിസൈൽ ശേഖരത്തെ സംബന്ധിച്ച വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

പ്രസിഡന്റായി അധികാരമേറ്റപ്പോൾ മുതൽ ട്രംപ് ആവശ്യപ്പെടുന്നുണ്ട് ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന്. വിവിധ പ്രതിരോധ ഗ്രൂപ്പുകളുമായുള്ള ബന്ധം, ഇറാൻ ഉപേക്കാനും മിസൈൽ, ഡ്രോണുകൾ എന്നിവയുടെ ശേഷി പരിമിതപ്പെടുത്തണമെന്നും ട്രംപ് പല ആവർത്തി ഇറാനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇറാനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്, ‘‘അവർ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകും. അവർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അത്. ഇറാൻ കരാറിൽ എത്തിയില്ലെങ്കിൽ, നാല് വർഷം മുൻ‍പ് ഞാൻ ചെയ്തതുപോലെ അവരുടെ മേൽ ഇരട്ട ചുങ്കം ചുമത്താൻ സാധ്യതയുണ്ട്.’’– ട്രംപ് പറഞ്ഞു.

നേരിട്ടു ചർച്ച നടത്താമെന്ന് ഡോണൾഡ് ട്രംപ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു. ഇതിനോടുള്ള ആദ്യ ഔദ്യോഗിക പ്രതികരണമായി, യുഎസുമായി നേരിട്ടു ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നേരിട്ടല്ലാതെ, മൂന്നാം കക്ഷി വഴി ചർച്ചയാകാമെന്നും പെസഷ്കിയാൻ സൂചിപ്പിച്ചു. 2018 ൽ ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ യുഎസ് ഏകപക്ഷീയമായി ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു പിന്മാറിയിരുന്നു. വീണ്ടും അധികാരമേറ്റപ്പോൾ മുതൽ പുതിയ കരാറിനായി ട്രംപ്, ഇറാനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്.

അതേസമയം, ഐക്യരാഷ്ട്ര സംഘടനയുടെ ആണവ നിരീക്ഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് യുറേനിയം സമ്പുഷ്ടീകരണം ഇറാൻ വർധിപ്പിച്ചിട്ടുണ്ടെന്നാണ്. ആണവ വിഷയത്തിൽ കരാറിലെത്താൻ ഇറാന് രണ്ടു മാസത്തെ സമയപരിധിയാണ് ട്രംപ് നൽകിയിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com