ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ ഭരണകൂടം കടുത്ത നടപടികൾ തുടരുന്നതിനിടെ, സൈനിക ഇടപെടൽ മുന്നറിയിപ്പുമായി അമേരിക്ക. ഇറാന്റെ ആഭ്യന്തര പ്രക്ഷോഭത്തിൽ ഇടപെടുന്നത് സംബന്ധിച്ച് യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തിയതായി റിപ്പോർട്ട് ചെയ്തു.(Trump supports protesters of Iran, hints that US preparing for military action)
"ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുകയാണ്, സഹായിക്കാൻ അമേരിക്ക തയ്യാറാണ്" എന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. പ്രക്ഷോഭകർക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്താൽ യുഎസ് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 116 പേർ കൊല്ലപ്പെട്ടു. 2600-ലേറെ പേർ കസ്റ്റഡിയിലാണ്.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ ശത്രുക്കൾ' ആയി കണക്കാക്കുമെന്നും ഇവർക്ക് വധശിക്ഷ നൽകുമെന്നും ഇറാന്റെ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ് ഭീഷണിപ്പെടുത്തി. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ രാജ്യമെമ്പാടും ഇൻ്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾക്കും കർശന നിയന്ത്രണമുണ്ട്.
1979-ലെ വിപ്ലവത്തിന് മുമ്പുള്ള രാജഭരണത്തെ അനുകൂലിച്ച് പ്രക്ഷോഭകർ മുദ്രാവാക്യം വിളിക്കുന്നത് അയത്തൊള്ള ഖമനേയിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്. ലണ്ടനിലെ ഇറാൻ എംബസിക്ക് മുകളിൽ കയറി ഒരു പ്രതിഷേധക്കാരൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാക വലിച്ചുകീറുകയും പഴയ രാജഭരണ കാലത്തെ 'സിംഹവും സൂര്യനും' അടയാളപ്പെടുത്തിയ പതാക ഉയർത്തുകയും ചെയ്തത് വലിയ വാർത്തയായി. വിദേശത്തുള്ള ഇറാൻ പൗരന്മാരും പ്രക്ഷോഭത്തിന് വലിയ പിന്തുണയാണ് നൽകുന്നത്.
പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ചാരസംഘടനകളാണെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ ആരോപണം. എന്നാൽ പട്ടിണിയും കറൻസി മൂല്യത്തകർച്ചയും മൂലം നട്ടംതിരിയുന്ന ജനത തെരുവിലിറങ്ങുന്നത് ഭരണകൂടത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.