

വാഷിങ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് പിന്നാലെ വെനിസ്വേലയുടെ എണ്ണ സമ്പത്തിന്മേൽ പിടിമുറുക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 500 മില്യൺ ഡോളർ വിലമതിക്കുന്ന വെനിസ്വേലൻ എണ്ണയുടെ ആദ്യ ഔദ്യോഗിക വിൽപന ട്രംപ് ഭരണകൂടം പൂർത്തിയാക്കി. വെനിസ്വേലൻ എണ്ണ വിൽപനയിലൂടെ ലഭിക്കുന്ന തുക യു.എസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് (പ്രധാനമായും ഖത്തറിലെ അക്കൗണ്ടുകൾ) മാറ്റുന്നത്.
500 മില്യൺ ഡോളറിന്റെ എണ്ണ കരാർ ബുധനാഴ്ചയോടെയാണ് പൂർത്തിയായത്. വരും ദിവസങ്ങളിൽ കൂടുതൽ എണ്ണ വിപണിയിലെത്തിക്കാനാണ് യു.എസ് നീക്കം. വെനിസ്വേലയുടെ എണ്ണ മേഖലയുടെ മേൽനോട്ടം താൽക്കാലികമായി യു.എസ് വഹിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ അമേരിക്കൻ കമ്പനികളെ അയക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
എണ്ണക്കമ്പനികളുടെ ആശങ്ക
വൈറ്റ് ഹൗസിൽ ട്രംപ് വിളിച്ചുചേർത്ത എണ്ണക്കമ്പനികളുടെ സി.ഇ.ഒമാരുടെ യോഗത്തിൽ പലരും വെനിസ്വേലയിലെ നിക്ഷേപത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് ശതകോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിലെ റിസ്ക് പല എക്സിക്യൂട്ടീവുകളും ചൂണ്ടിക്കാട്ടി.
അതേസമയം , ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ ഒരു 'യുദ്ധത്തടവുകാരൻ' ആണെന്നാണ് മദൂറോ വിശേഷിപ്പിച്ചത്. തനിക്കെതിരെയുള്ള മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ അദ്ദേഹം നിഷേധിച്ചു.
2026 ജനുവരി 3-നാണ് 'ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്' (Operation Absolute Resolve) എന്ന സൈനിക നീക്കത്തിലൂടെ നിക്കോളാസ് മദൂറോയെയും ഭാര്യയെയും യു.എസ് സേന വെനിസ്വേലയിൽ നിന്ന് പിടികൂടി അമേരിക്കയിലെത്തിച്ചത്. വെനിസ്വേലയിലെ എണ്ണ നിക്ഷേപം ലോകത്തെ തന്നെ ഏറ്റവും വലുതാണ്. ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ ആഗോള എണ്ണ വിപണിയിൽ വലിയ സ്വാധീനം ഉറപ്പിക്കാനാണ് ട്രംപിന്റെ ലക്ഷ്യം.