വാഷിങ്ടൺ :ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട അതീവ രഹസ്യ രേഖകൾ പുറത്തുവിടുന്നതിനുള്ള ബില്ലിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ, നീതിന്യായ വകുപ്പിന് 30 ദിവസത്തിനുള്ളിൽ എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കാൻ സാധിക്കും.(Trump signs bill to release Jeffrey Epstein case documents)
ഫയലുകൾ പുറത്തുവിടാനുള്ള തീരുമാനത്തിന് അമേരിക്കൻ സെനറ്റ് നേരത്തെ പൂർണ്ണ പിന്തുണ നൽകിയിരുന്നു. രേഖകൾ പുറത്തുവിടാൻ തീരുമാനിച്ച വിവരം ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിച്ചു. എപ്‌സ്റ്റൈൻ സംഘടിപ്പിച്ച പല വിരുന്നുകളിലും ട്രംപ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന്, ട്രംപ്-എപ്‌സ്റ്റൈൻ ബന്ധം ആയുധമാക്കി ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരികയും ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. സർക്കാരിന് മറച്ചുവയ്ക്കാനൊന്നുമില്ലെന്നും, റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ഈ ആരോപണങ്ങളെന്നുമാണ് ട്രംപിന്റെ പ്രതികരണം. പ്രതിപക്ഷത്തിനൊപ്പം ട്രംപ് അനുകൂലികളും ഫയലുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഈ സുപ്രധാന തീരുമാനത്തിലേക്ക് ഭരണകൂടം എത്തിയത്.
ജെഫ്രി എപ്‌സ്റ്റൈൻ ഒരു മുൻ സാമ്പത്തിക വിദഗ്ധനും പിന്നീട് ലൈംഗിക കുറ്റവാളിയായി മാറുകയും ചെയ്ത വ്യക്തിയാണ്. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന അദ്ദേഹം, പിന്നീട് ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കായ ബെയർ സ്റ്റേൺസിലും തുടർന്ന് സ്വന്തം സ്ഥാപനമായ ജെ. എപ്‌സ്റ്റൈൻ ആൻഡ് കോയിലും പ്രവർത്തിച്ചു.
പ്രമുഖ വ്യക്തികൾക്കായി പാർട്ടികൾ സംഘടിപ്പിച്ച ഇയാൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചതുൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ നേരിട്ടു. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച എപ്‌സ്റ്റൈനെ 18 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. 2019 ജൂലൈ 24 ന്, ന്യൂയോർക്ക് ജയിലിൽ വെച്ച് ജെഫ്രി എപ്‌സ്റ്റൈനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.