വാഷിങ്ടൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം വൈറ്റ് ഹൗസിനുള്ളിൽ ഫുട്‌ബോൾ കളിക്കുന്നതിൻ്റെ എ.ഐ. വീഡിയോ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ആദരിച്ച് വൈറ്റ് ഹൗസിൽ ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തിരുന്നു. (Trump shares AI video of him playing football with Ronaldo at the White House)
ചടങ്ങിൽ ട്രംപ് നടത്തിയ പ്രസംഗത്തിൽ റൊണാൾഡോയെ പ്രത്യേകം പരാമർശിക്കുകയും തൻ്റെ മകന് ഇതിഹാസത്തെ പരിചയപ്പെടുത്തിയതായി പറയുകയും ചെയ്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് ട്രംപ് ഇപ്പോൾ തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ റോണോയ്‌ക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിൻ്റെ എ.ഐ. വീഡിയോ പങ്കിട്ടിരിക്കുന്നത്.
'റൊണാൾഡോ ഒരു മികച്ച വ്യക്തിയാണ്. വൈറ്റ് ഹൗസിൽ അദ്ദേഹത്തെ കണ്ടുമുട്ടിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു,' വീഡിയോ പങ്കുവെച്ച് ട്രംപ് കുറിച്ചു. വീഡിയോയിൽ ഇരുവരും പന്ത് ജഗിൽ ചെയ്യുന്നതും പരസ്പരം ഡ്രിബിൾ ചെയ്യുന്നതുമെല്ലാം കാണാം. റൊണാൾഡോ ഭാര്യ ജോർജിന റോഡ്രിഗസുമൊത്താണ് വൈറ്റ് ഹൗസ് സന്ദർശിച്ചത്.
കിരീടാവകാശി, ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥർ, ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്, ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് തുടങ്ങിയവർ സംസാരിച്ച ഈസ്റ്റ് റൂമിൻ്റെ മുൻനിരയിലായിരുന്നു റൊണാൾഡോയുടെ ഇരിപ്പിടം. പ്രസംഗത്തിൽ റൊണാൾഡോയെ പ്രത്യേകം പരാമർശിച്ച ട്രംപ്, വന്നതിന് പലതവണ നന്ദി പറയുകയും ചെയ്തു.