

വാഷിംഗ്ടൺ: ലോകമെമ്പാടും ചർച്ചയായ ഭാരം കുറയ്ക്കാനുള്ള മരുന്നായ ഒസെംപിക്കിനെക്കുറിച്ച് (Ozempic) രസകരമായ ഒരു അനുഭവം പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump). വൈറ്റ് ഹൗസിൽ ഗ്രാമീണ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് നടന്ന വട്ടമേശ ചർച്ചയ്ക്കിടെയാണ് തന്റെ ഒരു സുഹൃത്തിന് ഈ മരുന്ന് ഫലിച്ചില്ലെന്ന് ട്രംപ് വെളിപ്പെടുത്തിയത്. സുഹൃത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും അദ്ദേഹം 'അതിസമ്പന്നനും' എന്നാൽ 'വളരെ തടിയനും' ആണെന്ന് ട്രംപ് പരിഹസിച്ചു.
"എന്റെ ഒരു സുഹൃത്തുണ്ട്, അദ്ദേഹം വളരെ ബുദ്ധിമാനും അതിസമ്പന്നനും ശക്തനുമായ വ്യക്തിയാണ്. പക്ഷേ അദ്ദേഹം നല്ല തടിയനാണ്. ഭാരം കുറയ്ക്കാനുള്ള ആ മരുന്ന് അദ്ദേഹം കഴിച്ചു. അതിന്റെ പേര് ഞാൻ പറയില്ല," എന്ന് പറഞ്ഞു തുടങ്ങിയ ട്രംപ്, നിമിഷങ്ങൾക്കകം അത് 'ഒസെംപിക്' ആണെന്ന് സ്വയം വെളിപ്പെടുത്തി. "ഈ മരുന്ന് നിന്നിൽ ഫലിക്കുന്നില്ലെന്നും മറ്റെന്തെങ്കിലും പരീക്ഷിക്കാനും ഞാൻ അവനോട് പറഞ്ഞു. അടുത്തിടെ കണ്ടപ്പോൾ അവൻ പഴയതിലും തടിയനായിരിക്കുന്നു," ട്രംപ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ട്രംപിന്റെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. ട്രംപ് ഉദ്ദേശിച്ചത് ആരെയാകാം എന്നറിയാനുള്ള നെട്ടോട്ടത്തിലാണ് നെറ്റിസൺസ്. ഇലോൺ മസ്ക് അടക്കമുള്ള പ്രമുഖരുടെ പേരുകൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. 2025 നവംബറിൽ ട്രംപ് ഭരണകൂടം ഒസെംപിക്, വെഗോവി തുടങ്ങിയ മരുന്നുകളുടെ വില കുത്തനെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ 1000 ഡോളറിന് മുകളിലുള്ള ഒസെംപിക്കിന് ട്രംപ്‌ആർക്സ് (TrumpRx) വഴി 350 ഡോളറായി വില കുറയുമെന്നാണ് റിപ്പോർട്ടുകൾ.
U.S. President Donald Trump shared a humorous anecdote during a White House roundtable about a "very rich and powerful" friend for whom the weight-loss drug Ozempic failed to work. Trump joked that his friend has actually gained more weight recently, despite using the medication, sparking a guessing game on social media about the individual's identity. This comes amid the Trump administration's efforts to significantly lower the prices of popular weight-loss drugs through new healthcare initiatives.