'വെനസ്വേല ഇനി അമേരിക്ക ഭരിക്കും': മഡൂറോയും ഭാര്യയും ന്യൂയോർക്കിൽ, ചിത്രം പുറത്തുവിട്ടു, വിചാരണ നേരിടണമെന്ന് ട്രംപ്, അനാവശ്യ യാത്രകൾ ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണമെന്ന് MEA, പ്രതികരിച്ച് ലോക രാജ്യങ്ങൾ | Trump

വിചാരണ ന്യൂയോർക്കിൽ
'വെനസ്വേല ഇനി അമേരിക്ക ഭരിക്കും': മഡൂറോയും ഭാര്യയും ന്യൂയോർക്കിൽ, ചിത്രം പുറത്തുവിട്ടു, വിചാരണ നേരിടണമെന്ന് ട്രംപ്, അനാവശ്യ യാത്രകൾ  ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണമെന്ന് MEA, പ്രതികരിച്ച് ലോക രാജ്യങ്ങൾ | Trump
Updated on

ന്യൂയോർക്ക്: ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം പിടികൂടി. അതീവ രഹസ്യമായി വെനസ്വേലയിൽ കടന്നുകയറിയ യുഎസ് പ്രത്യേക സൈനിക വിഭാഗമായ 'ഡെൽറ്റ ഫോഴ്സ്' ആണ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയത്. ജനാധിപത്യ സർക്കാരിന് അധികാരം കൈമാറുന്നത് വരെ വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.(Trump says Venezuela will now be ruled by the US, Maduro and his wife in New York)

അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായ മഡൂറോയെയും ഭാര്യയെയും ശനിയാഴ്ച ഉച്ചയോടെ ന്യൂയോർക്കിലെത്തിച്ചു. ഗ്വാണ്ടനാമോയിൽ നിന്ന് സൈനിക വിമാനത്തിൽ ന്യൂബർഗിലെ സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിലാണ് ഇവരെ എത്തിച്ചത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം മാൻഹാട്ടനിലെ ലഹരിവിരുദ്ധ സേനയുടെ (DEA) ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

നാർക്കോ-ഭീകരവാദം, കൊക്കെയ്ൻ കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മഡൂറോയെ അമേരിക്ക നേരത്തെ പ്രതിചേർത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇവരെ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റും. അമേരിക്കൻ കോടതിയിലാകും മഡൂറോ വിചാരണ നേരിടുക. ഫ്‌ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്. വെനസ്വേലയിൽ ശരിയായ അധികാര കൈമാറ്റം നടക്കുന്നത് വരെ രാജ്യം അമേരിക്കയുടെ ഭരണത്തിന് കീഴിലായിരിക്കും.

പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുന:സ്ഥാപിച്ചു. മഡൂറോ ഒരു ഏകാധിപതിയായിരുന്നു. ലോകത്തെ ഏത് ഏകാധിപതിക്കും മഡൂറോയുടെ ഗതി വരാമെന്നും ആവശ്യമെങ്കിൽ ഇനിയും ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് നാവികസേനാ കപ്പലിൽ കണ്ണുകെട്ടിയ നിലയിൽ മഡൂറോ ഇരിക്കുന്ന ചിത്രം ട്രംപ് നേരിട്ട് പുറത്തുവിട്ടു.

വെനസ്വേലയിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മഡൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ്‌ ഡെൽസി റോഡ്രിഗസ് അധികാരം ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. മഡൂറോയെ ഉടനടി മോചിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്കൻ അധിനിവേശത്തിൽ ലോകരാജ്യങ്ങൾ കരുതലോടെയാണ് പ്രതികരിക്കുന്നത്. അതേസമയം, വിവിധ രാജ്യങ്ങളിൽ അമേരിക്കയ്ക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. കാരക്കാസ്, മിറാൻഡ, ആരഗുവ തുടങ്ങി വെനസ്വേലയിലെ പ്രധാന നഗരങ്ങളിൽ യുഎസ് സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വെനസ്വേലയിൽ അമേരിക്കൻ സൈനിക നീക്കത്തെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യത്തിൽ അവിടുത്തെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിലുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.

വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണം. നിലവിൽ വെനസ്വേലയിലുള്ളവർ അനാവശ്യ പുറത്തിറങ്ങലുകൾ ഒഴിവാക്കാനും പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. സഹായം ആവശ്യമുള്ളവർക്കായി എംബസി പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും പങ്കുവെച്ചിട്ടുണ്ട്:

ഫോൺ: +58-412-9584288 (വാട്‌സ്ആപ്പ് കോളുകൾക്കും ലഭ്യമാണ്)

ഇമെയിൽ: cons.caracas@mea.gov.in

വെനസ്വേലയിലെ സ്ഥിതിഗതികൾ കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com