വാഷിംഗ്ടൺ: 2026-ൽ മിയാമിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെളുത്ത വംശജരായ ആഫ്രിക്കക്കാർക്കും ഡച്ച്, ഫ്രഞ്ച്, ജർമ്മൻ കുടിയേറ്റക്കാരുടെ പിൻഗാമികൾക്കുമെതിരായ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും പ്രസിഡന്റ് സിറിൽ റമാഫോസയുടെ സർക്കാർ ഈ പ്രശ്നം അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.(Trump says South Africa will be excluded from G20 summit due to human rights violations against white people)
ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ ട്രംപ് ദക്ഷിണാഫ്രിക്കക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. വെള്ളക്കാരായ കർഷകരെ കൊല്ലുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നു എന്ന ആരോപണങ്ങൾ നേരത്തെ ദക്ഷിണാഫ്രിക്ക നിഷേധിച്ചിരുന്നു. ഈ വർഷത്തെ ജി 20 സമ്മേളനത്തിൽ ദക്ഷിണാഫ്രിക്ക അമേരിക്കയെ മോശമായി ചിത്രീകരിച്ചുവെന്നും, ജോഹന്നാസ്ബർഗിൽ നടന്ന സമാപന ചടങ്ങിൽ ജി 20 പ്രസിഡന്റ് സ്ഥാനം യു.എസ്. എംബസി ഉദ്യോഗസ്ഥന് കൈമാറാൻ ദക്ഷിണാഫ്രിക്ക വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കുള്ള എല്ലാ യു.എസ്. സബ്‌സിഡികളും സഹായങ്ങളും നിർത്തലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. "അവർ എവിടെയും അംഗത്വത്തിന് യോഗ്യരല്ലെന്ന് തെളിയിച്ചിട്ടുണ്ട്. അതിനാൽ അവർക്കുള്ള എല്ലാ പേയ്‌മെന്റുകളും സബ്‌സിഡികളും ഞങ്ങൾ ഉടനടി നിർത്തുകയാണെന്ന്," ട്രംപ് കുറിച്ചു.
വെള്ളക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ ആരോപിച്ച ട്രംപ്, ജോഹന്നാസ്ബർഗ് സമ്മേളനം പൂർണ്ണമായി ഒഴിവാക്കിയിരുന്നു. ഇതോടെ ആഫ്രിക്കൻ മണ്ണിൽ നടന്ന ആദ്യത്തെ ജി 20 ഉച്ചകോടി അമേരിക്കൻ പങ്കാളിത്തമില്ലാതെയാണ് നടന്നത്. കാലാവസ്ഥാ നയങ്ങൾക്കും വികസ്വര രാജ്യങ്ങളുടെ മുൻഗണനകൾക്കും പ്രാധാന്യം നൽകുന്നതിൽ എതിർപ്പ് ചൂണ്ടിക്കാട്ടി അമേരിക്ക അന്തിമ പ്രഖ്യാപനത്തിൽ ഒപ്പിടാനും വിസമ്മതിച്ചു.
ട്രംപിന്റെ പ്രസ്താവന ഖേദകരമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ പ്രതികരിച്ചു. 2025-ൽ ജോഹന്നാസ്ബർഗിൽ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടി വ്യാപകമായി പ്രശംസിക്കപ്പെടുകയും ബഹുരാഷ്ട്രവാദത്തിന്റെ മൂല്യം വീണ്ടും ഉറപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ജി 20 പ്രസിഡന്റ് സ്ഥാനം യു.എസ്. എംബസി ഉദ്യോഗസ്ഥന് ശരിയായി കൈമാറിയതായും റാമഫോസ വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.