വാഷിങ്ടൺ: മൂന്നാഴ്ചയായി തുടരുന്ന ഇറാൻ പ്രക്ഷോഭത്തിൽ തൽക്കാലം സൈനിക നടപടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രക്ഷോഭകർക്കെതിരെയുള്ള കൂട്ടക്കൊല ഇറാൻ ഭരണകൂടം നിർത്തിയതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ പിൻമാറ്റം. പ്രക്ഷോഭകരെ കൊല്ലുന്നത് തുടർന്നാൽ സൈനിക നീക്കം ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.(Trump says no military action in Iran imminent)
ഇറാനെ ആക്രമിക്കുന്നത് പശ്ചിമേഷ്യയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ ട്രംപിനെ ധരിപ്പിച്ചിരുന്നു. സൗദിയുടെയും ഖത്തറിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചകൾ ട്രംപിന്റെ നിലപാട് മാറ്റത്തിന് പ്രധാന കാരണമായെന്നാണ് റിപ്പോർട്ട്. ഖത്തറിലെ യുഎസ് വ്യോമതാവളമായ അൽ ഉദൈദിലെ അതീവ ജാഗ്രതാ നിർദ്ദേശത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്. താൽക്കാലികമായി അടച്ച ഇറാൻ വ്യോമപാതയും വീണ്ടും തുറന്നു.
ഇറാനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കി. ഇറാനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ആദ്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും. നിലവിൽ പതിനായിരത്തിലധികം ഇന്ത്യൻ പൗരന്മാർ ഇറാനിലുണ്ട്. മടങ്ങാൻ താല്പര്യമുള്ളവരുടെ ആദ്യ പട്ടിക ഇന്ത്യൻ എംബസി തയ്യാറാക്കി. പട്ടികയിൽ ഉൾപ്പെട്ടവർ യാത്രയ്ക്കായി തയ്യാറായിരിക്കണമെന്ന് എംബസി നിർദ്ദേശം നൽകി.
ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അവിടെ ജോലി ചെയ്യുന്നവരോടും വിദ്യാർത്ഥികളോടും എത്രയും വേഗം മടങ്ങാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ടെഹ്‌റാൻ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. തീർത്ഥാടനത്തിനായി എത്തിയ നിരവധി ഇന്ത്യക്കാരും നിലവിൽ ഇറാനിലുണ്ട്.
ആകെ പതിനായിരത്തോളം ഇന്ത്യൻ പൗരന്മാർ ഇറാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിഗമനം. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് ബന്ധപ്പെടാനായി ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും എംബസി നൽകിയിട്ടുണ്ട്:
ഫോൺ: +989128109115, +989128109109, +989128109102, +989932179359.
ഇമെയിൽ: cons.tehran@mea.gov.in