

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. വൈറ്റ് ഹൗസിൽ യുഎസ്, ഡെന്മാർക്ക്, ഗ്രീൻലാൻഡ് പ്രതിനിധികൾ പങ്കെടുത്ത നിർണ്ണായക ചർച്ചക്കൊടുവിൽ ഡെന്മാർക്കും ഗ്രീൻലാൻഡും പദ്ധതി തള്ളി. വിഷയത്തിൽ അമേരിക്കയുമായി അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഡെന്മാർക്ക് വിദേശകാര്യമന്ത്രി ലാർസ് റാസ്‌മ്യുസൻ വ്യക്തമാക്കി.(Trump says Greenland is currently unsafe, Denmark and Greenland reject the plan)
പ്രശ്നപരിഹാരത്തിനായി ഒരു സംയുക്ത ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത് പരിഗണനയിലാണ്. കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്നും ഡെന്മാർക്ക് അറിയിച്ചു. ദ്വീപ് വിട്ടുനൽകില്ലെങ്കിലും ഗ്രീൻലാൻഡിൽ കൂടുതൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ തുറന്ന സമീപനമാണ് ഡെന്മാർക്കിനുള്ളത്.
ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക്കിനെ പരിഹസിച്ച് കഴിഞ്ഞ ദിവസം ട്രംപ് രംഗത്തെത്തിയിരുന്നു. ഗ്രീൻലാൻഡ് നിലവിൽ സുരക്ഷിതമല്ലെന്നും അവിടെ 'രണ്ട് നായ് വണ്ടികൾ' മാത്രമാണുള്ളതെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കും ഡെന്മാർക്കിനും ഇടയിൽ ഒരു പക്ഷം പിടിക്കേണ്ടി വന്നാൽ തങ്ങൾ ഡെന്മാർക്കിനൊപ്പം നിൽക്കുമെന്ന് ജെൻസ് ഫ്രെഡറിക് വ്യക്തമാക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഈ നിലപാട് ഭാവിയിൽ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. ഗ്രീൻലാൻഡ് വിൽക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് ഡെന്മാർക്ക് ഇപ്പോഴും തുടരുന്നത്.