വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നതെന്നും, അതിന് ശേഷം അമേരിക്കയുടെ ശ്രദ്ധ ക്യൂബയിലേക്ക് തിരിയുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ടീമിനെ വൈറ്റ് ഹൗസിൽ ആദരിക്കുന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.(Trump says Cuba next ‘just a question of time’)
ക്യൂബൻ ഭരണകൂടം അമേരിക്കയുമായി ചർച്ചകൾക്കും പുതിയ കരാറുകൾക്കും അതീവ താല്പര്യം കാണിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ക്യൂബ ഒരു കരാറിനായി അത്രമേൽ ആഗ്രഹിക്കുന്നു. അമേരിക്കയിലുള്ള ക്യൂബൻ വംശജർക്ക് ഒടുവിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാകും, ട്രംപ് പറഞ്ഞു.
ഇറാനിലെ സൈനിക നീക്കങ്ങൾ ലക്ഷ്യം കണ്ടതിന് ശേഷം മാത്രമേ മറ്റ് നയതന്ത്ര വിഷയങ്ങളിലേക്ക് അമേരിക്ക പൂർണ്ണമായി കടക്കുകയുള്ളൂ എന്ന സന്ദേശവും അദ്ദേഹം നൽകി. കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പിൻഗാമിയായി മകൻ മൊജ്തബ ഖമേനിയെ നിശ്ചയിക്കുന്നതിനെ ട്രംപ് വീണ്ടും എതിർത്തു. മൊജ്തബയെ നേതാവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അയാൾക്ക് ഇറാനെ നയിക്കാൻ ശേഷിയില്ലെന്നും ട്രംപ് അഭിമുഖത്തിൽ ആവർത്തിച്ചു.

