വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സമയത്ത് സമാധാനം പുനഃസ്ഥാപിക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന വാദം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു. സംഘർഷ വേളയിൽ എട്ട് യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. നേരത്തേ ഇത് ഏഴ് വിമാനങ്ങളായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.(Trump reiterates that his threat brought peace between India and Pakistan)
ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ റദ്ദാക്കുമെന്ന തന്റെ ഭീഷണിയാണ് സംഘർഷം അവസാനിപ്പിച്ചതെന്നും മയാമിയിൽ നടന്ന അമേരിക്ക ബിസിനസ് ഫോറത്തിൽ സംസാരിക്കവേ ട്രംപ് അവകാശപ്പെട്ടു. വ്യാപാര കരാറുകൾ സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ഇന്ത്യയും പാകിസ്താനും യുദ്ധത്തിലേക്ക് നീങ്ങുന്നതായി പത്രത്തിൽ വായിച്ചതെന്ന് ട്രംപ് പറഞ്ഞു.
"ഏഴ് വിമാനങ്ങൾ വെടിവെച്ചിട്ടു. എട്ടാമത്തേതിന് ഗുരുതര കേടുപാടുകളുണ്ടായി. ഫലത്തിൽ എട്ട് വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തപ്പെട്ടു. ഞാൻ പറഞ്ഞു, ഇത് യുദ്ധമാണ്, അവർ അതിലേക്ക് പോവുകയാണ്. അവർ രണ്ടും ആണവശേഷിയുള്ള രാജ്യങ്ങളാണ്." തന്റെ ഭീഷണിയാണ് സംഘർഷം അവസാനിപ്പിച്ചത് എന്നാണ് ട്രംപിന്റെ അവകാശവാദം:
"ഞാൻ പറഞ്ഞു, സുഹൃത്തുക്കളേ, നിങ്ങൾ സമാധാനത്തിന് സമ്മതിക്കാത്തപക്ഷം നിങ്ങളുമായി ഞാൻ യാതൊരുവിധ വ്യാപാര കരാറുകൾക്കുമില്ല. നിങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുന്നപക്ഷം ഞങ്ങള്‍ നിങ്ങളുമായി കരാറുകള്‍ക്കില്ല." സംഘർഷത്തിന് വ്യാപാര കരാറുകളുമായി ബന്ധമില്ലെന്ന് ഡൽഹിയും ഇസ്ലാമാബാദും പറഞ്ഞുവെങ്കിലും താൻ നിലപാട് ആവർത്തിച്ചു. അടുത്ത ദിവസം തന്നെ ഇരു രാജ്യങ്ങളും സമാധാനത്തിലെത്തിയതായി അറിയിച്ചുകൊണ്ട് തനിക്ക് ഫോൺ കോൾ വന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. തീരുവകൾ ഇല്ലാതിരുന്നെങ്കിൽ അത് സാധ്യമാകില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു