
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ബുഡപെസ്റ്റിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കൂടിക്കാഴ്ച ഉടനുണ്ടാകില്ല. ഇപ്പോൾ ഒരു ചർച്ച ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.(Trump-Putin meeting unlikely to happen anytime soon, White House changes stance)
ഇരു നേതാക്കളും തമ്മിൽ ഉടൻ കൂടിക്കാഴ്ച നടക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസ് കൂടിക്കാഴ്ച നീട്ടിയതായുള്ള വിവരം പുറത്തുവിട്ടത്. ചർച്ച നീട്ടിവെച്ചതിൻ്റെ കാരണം അമേരിക്ക ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
യുക്രെയ്‌നും യൂറോപ്യൻ സഖ്യകക്ഷികളും കീവിൽ നിന്ന് പ്രാദേശിക ഇളവുകൾ ഇല്ലാതെ വെടിനിർത്തലിനായി സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച നിർത്തിവച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച നടന്ന നയതന്ത്ര ചർച്ചകളിൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇതും വൈറ്റ് ഹൗസിൻ്റെ നിലപാട് മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
"സമയം പാഴാക്കാൻ താൽപ്പര്യമില്ല" - ട്രംപ്
തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് കൂടിക്കാഴ്ച നിർത്തിവച്ചതായുള്ള പ്രസ്താവന വന്നത്.
പാഴായ ഒരു കൂടിക്കാഴ്ച താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. "എനിക്ക് സമയം പാഴാക്കാൻ താൽപ്പര്യമില്ല, അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം," ട്രംപ് വിശദീകരിച്ചു.
അതേസമയം, ആസിയാൻ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയേറി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന വിഷയത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഭിന്നത നിലനിൽക്കെയാണ് കൂടിക്കാഴ്ചയ്ക്കുള്ള നീക്കം.