

ഉക്രെയ്‌നുമായി ബന്ധപ്പെട്ട റഷ്യ-യുഎസ് ഉച്ചകോടി യോഗത്തിനുള്ള ഒരുക്കങ്ങൾ പുനരാരംഭിക്കാൻ മോസ്കോ ഇപ്പോഴും തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചതായി റിപ്പോർട്ടുകൾ. (Trump-Putin)
ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച കഴിഞ്ഞ വർഷം നടന്നില്ല. അന്ന് മുടങ്ങി പോയ ബുഡപെസ്റ്റ് ഉച്ചകോടി രണ്ടാമത് നടത്താൻ തങ്ങൾ തയ്യാറാണ് എന്നാണ് സെർജി ലാവ്‌റോവ് അറിയിച്ചത്. ഉച്ചകോടി നടത്താൻ ആഗ്രഹിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം അറിയിച്ചു.
റഷ്യ യുഎസിലേക്ക് അയച്ച കടുത്ത ആവശ്യങ്ങളുടെ പട്ടിക കാരണമാണ് കഴിഞ്ഞ തവണ ട്രംപ്-പുടിൻ ബുഡാപെസ്റ്റ് കൂടിക്കാഴ്ച യു.എസ് റദ്ദാക്കിയത് എന്നാണ് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട്. എന്നാൽ പല മാധ്യമങ്ങളിലൂടേയും ഇതിനെ പറ്റി വരുന്ന വാർത്തകളിൽ കൂടുതലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കൂട്ടിച്ചേർത്തു.
ഒക്ടോബർ 16 ന് ട്രംപ് പുട്ടിനുമായി ഒരു ഫോൺ സംഭാഷണം നടത്തിയെന്നും, ഇരു നേതാക്കളും ബുഡാപെസ്റ്റിൽ കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായുമാണ് റിപ്പോർട്ട്. യോഗം ലാവ്‌റോവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോയും മുന്നിൽ നിന്ന് നയിക്കുമെന്നും അറിയിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ഇരു നേതാക്കളും അലാസ്കയിലെ ആങ്കറേജിൽ വച്ച് കണ്ടുമുട്ടിയിരുന്നു.