ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ന്യൂയോർക്ക് നഗരത്തിലെ ജനങ്ങളുടെ സുരക്ഷയും, ഏറ്റവും രൂക്ഷമായ താങ്ങാനാകാത്ത വിലക്കയറ്റം ഉൾപ്പെടെയുള്ള സാമ്പത്തികാവസ്ഥയും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് നിയുക്ത മേയർ അറിയിച്ചു.( Trump - Mamdani meeting today, Price hike to be discussed)
ട്രംപിൻ്റെ നിശിത വിമർശകനുമായിപ്പോലും ഇടപഴകാനുള്ള അദ്ദേഹത്തിൻ്റെ സന്നദ്ധതയാണ് കൂടിക്കാഴ്ചയിലൂടെ വെളിവാകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് പ്രതികരിച്ചു. ന്യൂയോർക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയർ സൊഹ്‌റാൻ ക്വാമെ മംദാനി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് തൻ്റെ സാമൂഹ്യമാധ്യമമായ 'ട്യൂത്ത് സോഷ്യലിൽ' കുറിച്ചു. താൻ ഇതിന് സമ്മതിച്ചതായും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ട്രംപ് അറിയിച്ചു.
മേയർ തെരഞ്ഞെടുപ്പിന് തലേദിവസം പോലും, മംദാനിയുടെ വിജയം ന്യൂയോർക്ക് സിറ്റിക്ക് "സമ്പൂർണ സാമ്പത്തിക – സാമൂഹിക ദുരിതം" ആയിരിക്കുമെന്ന് ട്രംപ് വിമർശിച്ചിരുന്നു. ന്യൂയോർക്കിലെ ജനങ്ങൾക്ക് താങ്ങാനാവാത്ത ജീവിതച്ചെലവിന് പരിഹാരം കാണുമെന്ന വോട്ടർമാർക്ക് നൽകിയ വാഗ്ദാനത്തിൻ്റെ ഭാഗമായാണ് താൻ കൂടിക്കാഴ്ച നടത്തുന്നത് എന്ന് മംദാനി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. ന്യൂയോർക്കിലെ ഉയർന്ന ജീവിതച്ചെലവിന് ട്രംപിൻ്റെ സാമ്പത്തിക നയങ്ങളും ഒരു കാരണമാണെന്ന് മംദാനി ചൂണ്ടിക്കാട്ടി. അടുത്ത വർഷം ജനുവരി ഒന്നിനാണ് മംദാനി ന്യൂയോർക്ക് മേയറായി സ്ഥാനമേൽക്കുന്നത്.
മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ മംദാനിക്കെതിരെ ട്രംപ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മംദാനി ന്യൂയോർക്ക് സിറ്റിയെ കമ്യൂണിസ്റ്റ് ക്യൂബയാക്കി മാറ്റുമെന്നും മംദാനി തീവ്രവാദിയാണെന്നുമായിരുന്നു ട്രംപിൻ്റെ ആക്ഷേപം. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുമെന്നുൾപ്പടെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.