വാഷിങ്ടൺ: വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ ജനരോഷം ഉയരുകയും തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുകയും ചെയ്ത പശ്ചാത്തലത്തിൽ, താരിഫ് (ചരക്ക് തീരുവ) കടുംപിടിത്തത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയവ് വരുത്തി. കാപ്പി, വാഴപ്പഴം, ബീഫ് എന്നിവയുൾപ്പെടെയുള്ള 100-ൽ അധികം ഭക്ഷ്യോത്പന്നങ്ങളെ താരിഫുകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.(Trump makes Exemptions for tariffs on more than 100 food products)
കഴിഞ്ഞയാഴ്ച നടന്ന ന്യൂയോർക്ക് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് മോശം പ്രകടനം കാഴ്ചവെക്കേണ്ടി വന്നതാണ് താരിഫ് നയത്തിൽ പുനരാലോചനകൾക്ക് ഇടയാക്കിയത്. താരിഫുകൾ ജീവിതച്ചെലവ് വർദ്ധിപ്പിക്കില്ലെന്നായിരുന്നു ട്രംപ് മുൻപ് അവകാശപ്പെട്ടിരുന്നത്.
അവോക്കാഡോയും തക്കാളിയും മുതൽ തേങ്ങയും മാമ്പഴവും വരെ ഉൾപ്പെടുന്ന ഉത്പന്നങ്ങൾക്കാണ് ട്രംപ് ഭരണകൂടം ഇപ്പോൾ താരിഫ് ഒഴിവാക്കിയിരിക്കുന്നത്. മതിയായ അളവിൽ യുഎസിൽ ഉൽപാദിപ്പിക്കാൻ കഴിയാത്ത ചരക്കുകൾക്കാണ് ഇളവുകൾ നൽകിയിട്ടുള്ളതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അവോക്കാഡോ, വാഴപ്പഴം, തേങ്ങ, പേരയ്ക്ക, ചെറുനാരങ്ങ, ഓറഞ്ച്, മാമ്പഴം, പൈനാപ്പിൾ, തക്കാളി, വിവിധയിനം മുളകുകൾ, നേന്ത്രപ്പഴം എന്നിവയും, കാപ്പി, കൊക്കോ, ബ്ലാക്ക് ടീ, ഗ്രീൻ ടീ, വാനില ബീൻസ്, സർവ്വസുഗന്ധി, കറുവയില, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, കറി പൗഡർ, പെരുംജീരകം, ഇഞ്ചി, ജാതിപത്രി, ജാതിക്ക, കുങ്കുമപ്പൂവ്, മഞ്ഞൾ തുടങ്ങിയവയും, ബീഫ് ഉത്പന്നങ്ങൾ, അക്കായി, അണ്ടിപ്പരിപ്പുകൾ (കശുവണ്ടി, ബ്രസീൽ നട്ട്, മക്കാഡാമിയ നട്ട്), ധാന്യങ്ങൾ (ബാർളി), കിഴങ്ങുകൾ, മരച്ചീനി, ചേമ്പ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
യുഎസ് വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാൻ യുഎസ് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന തീരുവയും, ഇന്ത്യയടക്കമുള്ള പല രാജ്യങ്ങൾക്കും അധിക തീരുവകളും ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഭക്ഷ്യോത്പന്നങ്ങളുടെ വില കുതിച്ചുയർന്നത് ട്രംപിന് രാഷ്ട്രീയ പ്രശ്‌നമായി മാറി.
ഈ നീക്കം താരിഫ് നയത്തിൽ നിന്ന് ട്രംപ് പിൻവാങ്ങുന്നതിൻ്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. അതേസമയം, യുഎസിൽ ഉത്പാദിപ്പിക്കാത്ത ഉത്പന്നങ്ങൾക്ക് മാത്രമാണ് ഇളവ് നൽകിയതെന്നാണ് ട്രംപിന്റെ പ്രതികരണം. ഭാവിയിൽ കൂടുതൽ നയപരമായ പിന്മാറ്റങ്ങൾ ആവശ്യമായി വരുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. താരിഫുകൾ ഉയർത്താൻ ട്രംപിന് നിയമപരമായ അധികാരമുണ്ടോയെന്ന് യുഎസ് സുപ്രീംകോടതിയും പരിശോധിക്കുമെന്ന് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.