

വാഷിംഗ്ടൺ: നോബൽ സമാധാന സമ്മാനം തനിക്ക് നൽകാത്തതിനാൽ സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കാൻ ഇനി തനിക്ക് ബാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump). നോർവേ പ്രധാനമന്ത്രി ജോനാസ് ഗാഹർ സ്റ്റോറെയ്ക്ക് അയച്ച കത്തിലാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്. എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചിട്ടും നോബൽ കമ്മിറ്റി തന്നെ അവഗണിച്ചുവെന്നും അതുകൊണ്ട് തന്നെ ഇനി അമേരിക്കയുടെ താൽപ്പര്യങ്ങൾക്കും ഗുണങ്ങൾക്കും മാത്രമായിരിക്കും മുൻഗണന നൽകുകയെന്നും ട്രംപ് കത്തിൽ വ്യക്തമാക്കി.
ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കത്തെ എതിർത്തുകൊണ്ട് നോർവേ പ്രധാനമന്ത്രിയും ഫിന്നിഷ് പ്രസിഡന്റും സംയുക്തമായി അയച്ച സന്ദേശത്തിന് മറുപടിയായാണ് ട്രംപിന്റെ ഈ വിവാദ കത്ത്. നോബൽ സമാധാന സമ്മാനം നൽകുന്ന കമ്മിറ്റി പൂർണ്ണമായും സ്വതന്ത്രമാണെന്നും നോർവീജിയൻ സർക്കാരിന് അതിൽ യാതൊരു നിയന്ത്രണവുമില്ലെന്നും താൻ പലതവണ ട്രംപിനെ അറിയിച്ചിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി സ്റ്റോറെ പ്രതികരിച്ചു. കഴിഞ്ഞ വർഷം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കാണ് നോബൽ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ആഴ്ച ഇവർ ട്രംപിനെ സന്ദർശിച്ചപ്പോൾ തന്റെ സ്വർണ്ണ മെഡൽ അദ്ദേഹത്തിന് നൽകിയിരുന്നെങ്കിലും നോബൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാൻ നിയമമില്ലെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രീൻലാൻഡിന്റെ കാര്യത്തിൽ ഡെന്മാർക്കിന്റെ അവകാശത്തെ ട്രംപ് കത്തിൽ വീണ്ടും ചോദ്യം ചെയ്തു. ചൈനയിൽ നിന്നോ റഷ്യയിൽ നിന്നോ ആ പ്രദേശം സംരക്ഷിക്കാൻ ഡെന്മാർക്കിന് കഴിയില്ലെന്നും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു ബോട്ട് അവിടെ വന്നിറങ്ങി എന്നതുകൊണ്ട് മാത്രം അവർക്ക് എങ്ങനെയാണ് ഉടമസ്ഥാവകാശം ലഭിക്കുകയെന്നും ട്രംപ് ചോദിച്ചു. ലോകം സുരക്ഷിതമാകണമെങ്കിൽ ഗ്രീൻലാൻഡിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കണമെന്നാണ് ട്രംപിന്റെ വാദം. ഇതിനായി യൂറോപ്യൻ സഖ്യകക്ഷികൾക്ക് മേൽ കടുത്ത വ്യാപാര നികുതികൾ ഏർപ്പെടുത്താനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
U.S. President Donald Trump, in a letter to Norway's Prime Minister, stated that he no longer feels obligated to prioritize peace because he was not awarded the Nobel Peace Prize. He expressed frustration over being ignored despite claiming to have stopped multiple wars, adding that his focus will now shift strictly to American interests. Trump also reiterated his aggressive demand for Greenland, questioning Denmark's sovereignty and insisting that total U.S. control of the Arctic island is essential for global security.