

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും തമ്മിലുള്ള രൂക്ഷമായ വാക്പോരുകൾക്ക് അറുതിയാകുന്നു (Trump-Petro Meeting). കൊളംബിയൻ സർക്കാരിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ഭീഷണി മുഴക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ ഗുസ്താവോ പെട്രോയെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ബുധനാഴ്ച ഇരുനേതാക്കളും തമ്മിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ നിർണ്ണായക മാറ്റം.
ലഹരിമരുന്ന് കടത്ത്, വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായും പെട്രോയുടെ പ്രതികരണത്തിൽ സംതൃപ്തിയുണ്ടെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തടവിലാക്കിയതിന് പിന്നാലെ കൊളംബിയക്കെതിരെയും സൈനിക നീക്കം ഉണ്ടായേക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ താൻ വീണ്ടും ആയുധമെടുക്കുമെന്ന് മുൻ ഗറില്ലാ പോരാളി കൂടിയായ പെട്രോ പ്രഖ്യാപിച്ചത് ലാറ്റിനമേരിക്കയിൽ വലിയ സംഘർഷഭീതിയുണ്ടാക്കിയിരുന്നു.
എന്നാൽ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയുമായുള്ള ബന്ധം തകരാൻ ചില പ്രാദേശിക രാഷ്ട്രീയക്കാർ ട്രംപിനെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പെട്രോ കുറ്റപ്പെടുത്തി. ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ കൊളംബിയ നടത്തുന്ന പ്രവർത്തനങ്ങളുടെ കണക്കുകൾ അദ്ദേഹം ട്രംപിന് മുന്നിൽ അവതരിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കൂടിക്കാഴ്ച ഉടൻ വാഷിംഗ്ടണിൽ നടക്കും.
U.S. President Donald Trump has invited Colombian President Gustavo Petro to the White House following a surprise de-escalation of tensions. This diplomatic shift comes after a phone call where both leaders discussed drug trafficking and the regional crisis following the U.S. operation in Venezuela. Despite previous military threats and personal insults, both leaders have now agreed to re-establish communication to prevent a potential conflict in Latin America.