വാഷിങ്ടൺ: ഇറാൻ്റെ ഭീഷണി നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ ചൈന ഉൾപ്പെടെയുള്ള ലോകശക്തികൾ അമേരിക്കയുമായി കൈകോർക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് (Donald Trump). കടലിടുക്ക് തുറക്കുന്നതിനും കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനും വിവിധ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
ഇറാൻ്റെ സൈനിക ശേഷി അമേരിക്ക ഏതാണ്ട് പൂർണ്ണമായും തകർത്തുവെന്ന് അവകാശപ്പെട്ട ട്രംപ്, എങ്കിലും ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ച് തടസ്സങ്ങൾ സൃഷ്ടിക്കാൻ അവർക്ക് ഇനിയും സാധിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകി. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിലേക്ക് കപ്പലുകൾ അയക്കുമെന്നാണ് അമേരിക്കൻ പ്രതീക്ഷ. ഇതിലൂടെ ഹോർമുസ് കടലിടുക്കിനെ ഒരു രാജ്യത്തിൻ്റെയും ഭീഷണിയില്ലാത്ത സ്വതന്ത്ര ജലപാതയാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മേഖലയിൽ അമേരിക്കൻ ബോംബാക്രമണം തുടരുമെന്നും ഇറാനിയൻ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യം വെക്കുമെന്നും ട്രംപ് വ്യക്തമാക്കി.
എന്നാൽ ,സൗദി അറേബ്യയിലെ യുഎസ് താവളത്തിൽ അഞ്ച് വിമാനങ്ങൾ തകർക്കപ്പെട്ടുവെന്ന മാധ്യമ വാർത്തകൾ ട്രംപ് നിഷേധിച്ചു. താവളത്തിന് നേരെ ആക്രമണം ഉണ്ടായ കാര്യം സമ്മതിച്ച അദ്ദേഹം, ഒരു വിമാനത്തിന് മാത്രമാണ് ചെറിയ കേടുപാടുകൾ സംഭവിച്ചതെന്നും മറ്റുള്ളവ സർവീസിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കി. തെറ്റായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ രാജ്യം യുദ്ധത്തിൽ പരാജയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2024-ലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങൾക്ക് മാധ്യമങ്ങളെക്കാൾ ബോധ്യമുണ്ടെന്നതിൻ്റെ തെളിവാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Story Summary
US President Donald Trump claimed that world powers, including China, France, and Japan, are expected to send warships to the Strait of Hormuz to ensure maritime security against Iranian threats. Trump asserted that Iran’s military capabilities have been significantly degraded but warned of potential drone or missile attacks. He also dismissed reports of five US aircraft being destroyed in Saudi Arabia, calling them “fake news,” while confirming minor damage to only one plane.

