

വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഗ്രീൻലാൻഡ് (Greenland) ദ്വീപ് അമേരിക്കയുടെ ഭാഗമാക്കാനുള്ള തന്റെ ആഗ്രഹം വീണ്ടും സജീവമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനായി വിവിധ മാർഗങ്ങൾ ആലോചിക്കുന്നുണ്ടെന്നും, ആവശ്യമെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുന്നത് പ്രസിഡന്റിന്റെ പരിഗണനയിലുള്ള കാര്യമാണെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം തടയാൻ ഗ്രീൻലാൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാകുന്നത് അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്. ഗ്രീൻലാൻഡിന്റെ സ്ഥാനം ലോകഭൂപടത്തിൽ ശ്രദ്ധിച്ചാൽ അതിന്റെ പ്രാധാന്യം വ്യക്തമാകും. വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഈ ദ്വീപ് ആർട്ടിക് സമുദ്രത്തിലെ കവാടമായി കണക്കാക്കപ്പെടുന്നു.
ആർട്ടിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഗ്രീൻലാൻഡിലെ അപൂർവ്വ ധാതുക്കളുടെ വൻ ശേഖരം കൈക്കലാക്കുക എന്നതും അമേരിക്കയുടെ ലക്ഷ്യമാണ്. സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഈ ധാതുക്കൾ അത്യാവശ്യമാണ്. ദ്വീപ് നേരിട്ട് വിലയ്ക്ക് വാങ്ങുകയോ അല്ലെങ്കിൽ 'കോംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷൻ' എന്ന ഉടമ്പടിയിലൂടെ ഗ്രീൻലാൻഡിന്റെ വിദേശകാര്യ-പ്രതിരോധ ചുമതലകൾ അമേരിക്ക ഏറ്റെടുക്കുകയോ ചെയ്യുക എന്നതാണ് പരിഗണനയിലുള്ള പ്രധാന വഴികൾ.
ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും ഡെന്മാർക്കിന്റെ പരമാധികാരത്തെ മാനിക്കണമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ ആവർത്തിച്ചു. അമേരിക്ക ഒരു നാറ്റോ സഖ്യകക്ഷിയെ ആക്രമിക്കുന്നത് ചിന്തിക്കാനാവാത്ത കാര്യമാണെന്നും അവർ മുന്നറിയിപ്പ് നൽകി. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലാൻഡിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ അതിർത്തികൾ ബലം പ്രയോഗിച്ച് മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെയാണ് ഗ്രീൻലാൻഡ് വിഷയം ട്രംപ് വീണ്ടും സജീവമാക്കിയത് എന്നത് ശ്രദ്ധേയമാണ്. മൂന്ന് വർഷത്തെ തന്റെ ബാക്കി ഭരണകാലയളവിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാനാണ് ട്രംപിന്റെ നീക്കം.