

ന്യൂയോർക്ക്: അഞ്ച് ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കുള്ള 1,000 കോടി ഡോളറിലധികം വരുന്ന ശിശു-കുടുംബ ക്ഷേമ ഫണ്ട് മരവിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം യുഎസ് കോടതി താത്കാലികമായി തടഞ്ഞു (Trump Child Aid Freeze). ന്യൂയോർക്കിലെ ഡിസ്ട്രിക്റ്റ് ജഡ്ജ് അരുൺ സുബ്രഹ്മണ്യനാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ അനുവദിച്ചത്. കാലിഫോർണിയ, കൊളറാഡോ, ഇല്ലിനോയിസ്, മിനസോട്ട, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങൾ സംയുക്തമായി നൽകിയ ഹർജിയിലാണ് ഈ നിർണ്ണായക വിധി.
ക്ഷേമപദ്ധതികളിൽ വ്യാപകമായ അഴിമതിയും ഫണ്ട് ദുരുപയോഗവും നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (HHS) കഴിഞ്ഞദിവസം ഫണ്ട് മരവിപ്പിച്ചത്. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കുള്ള സഹായധനം (TANF), കുറഞ്ഞ നിരക്കിൽ ശിശുപരിപാലനം ഉറപ്പാക്കുന്ന പദ്ധതികൾ (CCDF) എന്നിവയുൾപ്പെടെയുള്ള നിർണ്ണായക തുകകളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. അനധികൃത കുടിയേറ്റക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ഭരണകൂടം ആരോപിച്ചിരുന്നു.
എന്നാൽ, രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കാനുള്ള തന്ത്രമാണിതെന്ന് സംസ്ഥാനങ്ങൾ കോടതിയിൽ വാദിച്ചു. ഫണ്ട് അനുവദിക്കാനുള്ള കോൺഗ്രസിന്റെ അധികാരത്തെ ഭരണകൂടം മറികടക്കുകയാണെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് ഫണ്ട് തടയാൻ ഉന്നയിക്കുന്നതെന്നും സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മിനസോട്ടയിലെ ഭരണവിരുദ്ധ വിവാദങ്ങൾക്കിടയിലാണ് ഫണ്ട് മരവിപ്പിക്കൽ ഉണ്ടായതെങ്കിലും, നിയമപരമായ പിൻബലമില്ലാതെ ഇത്തരം നടപടികൾ സ്വീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ട്രംപ് അധികാരമേറ്റ ശേഷം സംസ്ഥാനങ്ങളും കേന്ദ്ര ഭരണകൂടവും തമ്മിലുള്ള പോരാട്ടം ഈ വിധിയോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.
A U.S. judge has temporarily blocked President Donald Trump's administration from freezing over $10 billion in federal aid intended for childcare and family assistance in five Democratic-led states. The court ruled that the administration lacked sufficient legal justification to halt the funds, which the states argued was a political move to punish perceived enemies. This decision marks a significant legal setback for Trump's initial policy actions aimed at addressing alleged fraud within state welfare systems.