വാഷിങ്ടൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ദീർഘകാല ഭരണത്തിന് അന്ത്യം കുറിക്കണമെന്ന ആഹ്വാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പുതിയൊരു നേതൃത്വം വരേണ്ട സമയം അതിക്രമിച്ചുവെന്നും, അധികാരം നിലനിർത്താൻ ജനങ്ങളെ കൊന്നൊടുക്കുകയാണ് നിലവിലെ ഭരണകൂടമെന്നും ട്രംപ് കുറ്റപ്പെടുത്തി.(Trump calls on Iranian people to end Khamenei's 37-year rule)
ഇറാൻ ഭരണകൂടം നിലനിൽക്കുന്നത് അക്രമത്തിലും അടിച്ചമർത്തലിലുമാണെന്ന് ട്രംപ് പറഞ്ഞു. അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടതെന്നും, രാജ്യം കൃത്യമായി ഭരിക്കാനാണ് നേതൃത്വം ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഖമേനിയെ ഒരു 'രോഗി' എന്ന് വിശേഷിപ്പിച്ച ട്രംപ്, നിലവിലെ നേതൃത്വം കാരണം ഇറാൻ ലോകത്തെ തന്നെ ജീവിക്കാൻ ഏറ്റവും മോശമായ സ്ഥലമായി മാറിയെന്നും പരിഹസിച്ചു. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് തുടർന്നാൽ യുഎസ് സൈനികമായി ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സർക്കാർ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, സഹായം ഉടൻ എത്തുമെന്ന ഉറപ്പും നൽകി.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ട്രംപാണെന്ന് ഖമേനി ആരോപിച്ചു. രാജ്യത്തെ യുദ്ധത്തിലേക്ക് നയിക്കാൻ താൽപ്പര്യമില്ലെന്നും എന്നാൽ 'ആഭ്യന്തര കുറ്റവാളികളെ' വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങളെ ഭീകരവാദ പ്രവർത്തനങ്ങളായാണ് ഇറാൻ ഭരണകൂടം കണക്കാക്കുന്നത്. ഇറാനുമേൽ സൈനികവും സാമ്പത്തികവുമായ ആധിപത്യം സ്ഥാപിക്കാനുള്ള യുഎസ് ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ഇറാൻ അധികൃതർ അവകാശപ്പെടുന്നു.
ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഇതുവരെ 3,428 പ്രതിഷേധക്കാരെങ്കിലും സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന കണക്കുകൾ. രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കുമെന്ന് ഖമേനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഇത്രയും കടുത്ത പ്രതികരണം ഉണ്ടായിരിക്കുന്നത്.