വാഷിങ്ടൺ: ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്ന വിഷയത്തിൽ യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അനുകൂല നിലപാട് സ്വീകരിച്ചു. ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തു.(Trump backs release of Jeffrey Epstein files, says there is nothing to hide )
ട്രംപിന്‍റെ പ്രതികരണം "നമുക്ക് മറച്ചുവെക്കാനൊന്നുമില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ഈ ആരോപണം. ഇതിൽനിന്ന് മുന്നോട്ടു പോകേണ്ട സമയമായി," എന്നായിരുന്നു.
മുൻപ് ജെഫ്രി എപ്‌സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന്, ട്രംപ് - എപ്‌സ്റ്റീൻ ബന്ധം രാഷ്ട്രീയ ആയുധമാക്കി ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരികയും ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫയലുകൾ പുറത്തുവരാതിരിക്കാൻ ട്രംപ് മുൻപ് ശ്രമിച്ചിരുന്നു എന്ന് ആരോപണമുയർന്നിരുന്നു.
ഇപ്പോൾ, പ്രതിപക്ഷത്തിനൊപ്പം ട്രംപ് അനുകൂലികളും എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടണമെന്ന് ആവശ്യമുന്നയിക്കുന്നുണ്ട്. ഒരുവേള ഈ വിഷയത്തിൽ ജോർജിയയിൽ നിന്നുള്ള സഭാംഗവും കടുത്ത വലതുപക്ഷ അനുകൂലിയുമായ മാർജൊറി ടെയ്‌ലർ ഗ്രീനുമായി അടുത്തിടെ ട്രംപ് ഏറ്റുമുട്ടിയിരുന്നു. ട്രംപിന്‍റെ ഈ പുതിയ നിലപാട് ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ നീക്കങ്ങളെ തടയാൻ ലക്ഷ്യമിട്ടുള്ളതാണ്.