വാഷിങ്ടൻ: ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നീക്കങ്ങളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട്. ഇതിന്റെ ഭാഗമായി ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീൻലൻഡിനായുള്ള പ്രത്യേക പ്രതിനിധിയായി ട്രംപ് നിയമിച്ചു. ധാതുസമ്പന്നവും തന്ത്രപ്രധാനവുമായ ഈ ആർട്ടിക് പ്രദേശം യുഎസിന്റെ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അപ്രതീക്ഷിത നീക്കം.(Trump appoints special envoy to seize Greenland)
ഗ്രീൻലൻഡ് യുഎസ് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. "ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കുക എന്നത് ഒരു ബഹുമതിയായി കാണുന്നു" എന്ന ജെഫ് ലാൻഡ്രിയുടെ പ്രതികരണം ഡെൻമാർക്കിനെ ചൊടിപ്പിച്ചിട്ടുണ്ട്. 2019-ൽ തന്റെ ആദ്യ ഭരണകാലത്തും ഗ്രീൻലൻഡ് വാങ്ങാനുള്ള താൽപ്പര്യം ട്രംപ് പ്രകടിപ്പിച്ചിരുന്നു. അന്ന് ഇതൊരു 'വലിയ റിയൽ എസ്റ്റേറ്റ് ഇടപാട്' എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.
ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിന് മേൽ അവകാശവാദം ഉന്നയിക്കുന്നതിനെതിരെ ഡെൻമാർക്ക് ശക്തമായി രംഗത്തെത്തി. മറ്റൊരു രാജ്യത്തെ പിടിച്ചെടുക്കാൻ ആർക്കും കഴിയില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സൻ ആവർത്തിച്ചു. ട്രംപിന്റെ നടപടിയിൽ വിശദീകരണം തേടാനായി ഡെൻമാർക്കിലെ യുഎസ് സ്ഥാനപതിയെ ഡാനിഷ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
"ഗ്രീൻലൻഡ് വിൽക്കാനുള്ളതല്ല" എന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക് നീൽസൻ വ്യക്തമാക്കി. അമേരിക്കയുമായി സഹകരിക്കാൻ തയാറാണെങ്കിലും സ്വന്തം പരമാധികാരം വിട്ടുകൊടുക്കില്ലെന്നാണ് ഗ്രീൻലൻഡിന്റെ നിലപാട്.