

വാഷിംഗ്ടൺ: അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ പണമായി സെക്യൂരിറ്റി ബോണ്ട് നൽകണമെന്ന വിവാദ നിയമം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ട്രംപ് ഭരണകൂടം (US Visa Bond). പുതുതായി ഏഴ് രാജ്യങ്ങളെ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ 13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ വിസയ്ക്കായി 15,000 ഡോളർ (ഏകദേശം 12 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ ബോണ്ട് തുകയായി കെട്ടിവെക്കേണ്ടി വരും.
ഭൂട്ടാൻ, ബോട്സ്വാന, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഗിനിയ, ഗിനിയ-ബിസാവു, നമീബിയ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത്. ജനുവരി 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളാണ് പട്ടികയിൽ ഭൂരിഭാഗവും. വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നത് (Visa Overstay) തടയാനാണ് ഈ കടുത്ത നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
വിസ നിഷേധിക്കപ്പെട്ടാലോ, അല്ലെങ്കിൽ വിസ കാലാവധിക്ക് മുൻപ് കൃത്യമായി മടങ്ങിപ്പോയാലോ ഈ തുക തിരികെ ലഭിക്കും. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ സാധാരണക്കാർക്ക് അമേരിക്കൻ വിസ അപ്രാപ്യമാക്കുന്നതാണ് ഈ നടപടിയെന്ന് വിമർശനമുയരുന്നുണ്ട്. വിസ അഭിമുഖങ്ങൾ കർശനമാക്കുന്നതിനും സോഷ്യൽ മീഡിയ ചരിത്രം പരിശോധിക്കുന്നതിനും പിന്നാലെയാണ് പുതിയ സാമ്പത്തിക നിയന്ത്രണം കൂടി ഏർപ്പെടുത്തിയിരിക്കുന്നത്.
The Trump administration has expanded its visa bond requirement to seven additional countries, forcing applicants to pay up to $15,000 to enter the United States. This policy, aimed at preventing visa overstays, now affects 13 nations and significantly increases the financial burden on travelers from these regions. While the bond is refundable upon compliance, critics argue it makes U.S. travel unaffordable for many international citizens.