ടോക്കിയോ: 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും മത്സരിക്കുന്നതിനുള്ള സാധ്യതകൾ പൂർണ്ണമായി തള്ളിക്കളയാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വീണ്ടും പ്രസിഡന്റാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എക്കാലത്തെയും വലിയ പിന്തുണയാണ് തനിക്കുള്ളതെന്നും മൂന്നാം തവണ മത്സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി.(Trump about running for a third term in 2028)
ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും മത്സരിക്കണമെന്ന് വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനൻ നിർദ്ദേശിച്ചിരുന്നു. ഇതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. എന്നാൽ, വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ച് താൻ ഉടനടി ചിന്തിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
തന്റെ കാലാവധിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ നയിക്കാൻ സാധ്യതയുള്ള പിൻഗാമികളെക്കുറിച്ചുള്ള സൂചനയും ട്രംപ് നൽകി. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മത്സരാർത്ഥികളായി ട്രംപ് നിർദ്ദേശിച്ചത് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയുമാണ്.
"ഞങ്ങൾക്ക് ശരിക്കും നല്ല ആളുകളുണ്ട്. ഞങ്ങൾക്ക് മികച്ച നേതാക്കളുണ്ട്. അവരിൽ ഒരാൾ ഇവിടെ നിൽക്കുന്നു (റൂബിയോയെ ചൂണ്ടിക്കാണിച്ചുകൊണ്ട്). വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മികച്ച നേതാവാണ്. ഈ രണ്ടുപേർക്കെതിരെയും ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല," ഡോണൾഡ് ട്രംപ് പറഞ്ഞു.
ട്രംപ് വീണ്ടും മത്സരിക്കുന്നത് പരിഗണനയിലെടുക്കണമെന്ന് വാദിക്കുന്നവരിൽ ഒരാളാണ് മുൻ വൈറ്റ് ഹൗസ് തന്ത്രജ്ഞനായ സ്റ്റീവ് ബാനൻ. അടുത്തിടെ തന്റെ പോഡ്‌കാസ്റ്റിൽ, ട്രംപിന് മൂന്നാം തവണയും മത്സരിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. യുഎസ് ഭരണഘടനയനുസരിച്ച്, ഒരാൾക്ക് പരമാവധി രണ്ടു തവണ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കൂ.