ലോസ് ആഞ്ചലസിൽ ഇറാൻ പ്രക്ഷോഭ അനുകൂലകർക്ക് ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി | Iran protest

ഇത് ആസൂത്രിതമാണെന്നാണ് ആരോപണം
ലോസ് ആഞ്ചലസിൽ ഇറാൻ പ്രക്ഷോഭ അനുകൂലകർക്ക് ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി | Iran protest
Updated on

വാഷിങ്ടൺ: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടന്ന മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി. നൂറുകണക്കിന് ആളുകൾ അണിനിരന്ന പ്രതിഷേധത്തിനിടയിലേക്കാണ് അക്രമി വാഹനവുമായി പാഞ്ഞടുത്തത്. സംഭവത്തെത്തുടർന്ന് പ്രക്ഷോഭകർ പരിഭ്രാന്തരായി ചിതറിയോടിയതിനാൽ വലിയ ആളപായം ഒഴിവായി.(Truck drives into Iran protest supporters in Los Angeles)

സമാധാനപരമായി നീങ്ങുകയായിരുന്ന പ്രതിഷേധക്കാരിൽ നിന്നും അകലെയായിരുന്ന ട്രക്ക് പൊടുന്നനെ ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇത് ആസൂത്രിതമായ നീക്കമാണെന്ന് ദൃക്‌സാക്ഷികൾ ആരോപിക്കുന്നു.

സംഭവത്തിൽ രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ പാരാമെഡിക്കൽ സംഘം എത്തി. പ്രക്ഷോഭകർ ട്രക്ക് വളയുകയും അതിന്റെ റിയർ വ്യൂ മിററുകൾ തകർക്കുകയും ചെയ്തു.

ഖമനേയി ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ 2022-ന് ശേഷം ഇറാനിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. പതിനായിരത്തിലധികം പേർ ജയിലിലാണ്.

രാജ്യത്ത് ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി വിവരങ്ങൾ പുറംലോകം അറിയുന്നത് തടയാൻ ഇറാൻ ശ്രമിക്കുന്നുണ്ട്. പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയാണെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ ആരോപണം. എന്നാൽ വിലക്കയറ്റവും ഭരണകൂട ഭീകരതയും മൂലം പൊറുതിമുട്ടിയ ജനങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com