ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. നിലവിലെ യുദ്ധസാഹചര്യത്തിൽ കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. (Travel fee for ships in the Strait of Hormuz, Iran’s move poses a challenge to the global economic sector)
ശത്രുതാപരമായ നിലപാടില്ലാത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇറാനിയൻ അധികൃതരുമായി മുൻകൂട്ടി ഏകോപനം നടത്തിയ ശേഷം ഈ പാതയിലൂടെ കടന്നുപോകാമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷിത യാത്രയ്ക്കായി ഇറാൻ അധികൃതരുടെ അനുമതി തേടണമെന്നും ഇതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും കത്തെഴുതിയതായും ഇറാൻ വ്യക്തമാക്കി.
സുരക്ഷിത യാത്രയ്ക്കായി ഇതിനോടകം രണ്ട് കപ്പലുകൾ വൻതുക കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒരു കപ്പലിന് ഏകദേശം 20 ലക്ഷം ഡോളറോളം ചെലവായതായി റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്.

